തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അയാൾ കുറ്റവാളിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. അതിനെ മറ്റു തരത്തിൽ സിപിഎം കാണുന്നില്ല. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അയാൾ കുറ്റവാളിയാകുന്നില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
വികസനവും അപവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കാനാണ് യുഡിഎഫ് ശ്രമം. കെഎസ്എഫ്ഇ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമാണ്.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.