വി. ശ്രീകാന്ത്
എന്തും ഏതും പറയാനുള്ള ഇടമായി സോഷ്യൽ മീഡിയ മാറാൻ തുടങ്ങിയിട്ട് കാലമേറെയായി. ചുമ്മാ ഒരു പോസ്റ്റ് പോസ്റ്റിയാൽ പിന്നെ എല്ലാവരും അതിന്റെ പിന്നാലെയാണ്.കണ്ടതിൽ വല്ല നിജസ്ഥിതി ഉണ്ടോയെന്ന് പരതുന്നതിന് മുന്നേ കിട്ടിയ വാർത്ത ചൂടോടെ ഗ്രൂപ്പായ ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കഴിഞ്ഞിരിക്കും. ഞാൻ തന്നെ ഈ വിവരം ആദ്യം എല്ലാവരേയും അറിയിക്കും എന്ന മട്ടിലാണ് ഒരു മിനിട്ടു പോലും ആലോചിക്കാതെയുള്ള ഷെയറിംഗ് പരിപാടി നടക്കുന്നത്.
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന കാര്യത്തിലാണ് ഇത്തരക്കാർ കൂടുതൽ വിനോദം കണ്ടെത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നടൻ വിജയരാഘവൻ.ഇന്നലെയാണ് വിജയരാഘവൻ അദ്ദേഹത്തിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ കണ്ട് ഞെട്ടിയത്.
ഷൂട്ടിംഗിനിടെ അപകടത്തിൽ നടൻ വിജയരാഘവൻ മരിച്ചു എന്ന രീതിയിലായിരുന്നു വ്യാജ വാർത്ത ഇന്നലെ പ്രചരിച്ചത്. സിനിമ ഷൂട്ടിംഗിനിടെ എടുത്ത ഒരു ചിത്രം കൂടി ഉൾപ്പെടുത്തി പോസ്റ്റ് ചെയ്തപ്പോൾ സംഭവം സത്യം എന്നു കരുതിയവർ അനേകം.ഒടുവിൽ നടൻ തന്നെ രംഗത്തെത്തി താൻ മരിച്ചിട്ടില്ലായെന്നുള്ള വിവരം അറിയിക്കേണ്ട ഗതികേട് ഉണ്ടായി. വിജയരാഘവൻ അഭിനയിക്കുന്ന രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് സമയത്തെടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിലെ വിരുതന്മാർ ദുരുപയോഗം ചെയ്യുകയായിരുന്നു. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സോഷ്യൽ മീഡിയ നിയന്ത്രണം തെറ്റിയ വണ്ടി പോലെ പായാൻ തുടങ്ങിയിട്ട് വർഷം കുറെയായി. ഇത്തരം നിയന്ത്രണം തെറ്റലുകൾക്ക് യൗവനം നഷ്ടപ്പെടുന്നില്ലായെന്നുള്ളതാണ് മറ്റൊരു കാര്യം. ഒന്ന് ആലോചിച്ചു നോക്കുക നിങ്ങൾ ജീവിച്ചിരിക്കെ നിങ്ങളുടെ മരണവാർത്ത വാട്സാപ്പിലും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്നു. എന്തായിരിക്കും നിങ്ങളുടെയും വീട്ടുകാരുടെയും അവസ്ഥ.
ഇതൊക്കെ ഒരു തമാശ എന്നു പറഞ്ഞ് തള്ളിക്കളയുമോ… വേണ്ടപ്പെട്ടവർക്ക് മരണം സംഭവിച്ചുവെന്ന കേട്ട ഷോക്കിൽ മരണത്തിലേക്ക് വഴുതി വീണവരുടെ വാർത്തകൾ നിരന്തരം പത്രത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒന്ന് ഇല്ലാ മരണത്തിന്റെ വാർത്ത പുറത്തു വന്നതിന്റെ പേരിൽ സംഭവിച്ചാൽ ആരായിരിക്കും ഉത്തരവാദികൾ. ആരെ പോലീസ് അറസ്റ്റ് ചെയ്യും. ഇതു പറയുന്പോൾ ചാർലി സിനിമയിലെ ഒരു രംഗം കൂട്ടിചേർക്കാതെ പോകാൻ കഴിയില്ല.
നായകൻ തന്റെ മരണവാർത്ത പത്രത്തിൽ പരസ്യം നൽകിയ ശേഷം ആ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നു. താൻ മരിച്ചെന്ന വാർത്ത കേട്ടാൽ ആരെല്ലാം എത്തുമെന്നും ആരെല്ലാം എന്നെ ഓർക്കുമെന്ന് അറിയാൻ ചെയ്തതാണെന്നുള്ള ന്യായവാദം ഉയർത്തുന്നുണ്ട് സിനിമയിൽ. ഇത്തരം സാങ്കൽപ്പികതകൾ സിനിമയിൽ ആവാം… അതിനെ ആസ്വാദനത്തിന്റെ വലയത്തിൽ അകപ്പെടുത്തി തലയൂരാം. കഥാകാരന്റെ ചിന്തകളെ വാനോളം പുകഴ്ത്തുകയും ചെയ്യാം. എന്നാൽ സിനിമയിൽ കാണുന്ന സംഭവങ്ങൾ ആഭാസത്തരങ്ങൾ കാട്ടാനുള്ള ലൈസൻസായി എടുക്കുന്നിടത്താണ് സ്വാതന്ത്ര്യം അതിരുവിടുന്നത്.
ഇത്തരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ അതിരുക്കടക്കലെങ്കിൽ ഇനിയും ഒരുപാട് പേർ ജീവിച്ചിരിക്കുന്പോൾ തന്നെ ഇമ്മാതിരി മാനസികരോഗികളുടെ പിടിയിൽ അകപ്പെടുമെന്നതിൽ സംശയം വേണ്ട. മാമുക്കോയയും ജഗതി ശ്രീകുമാറും സലീം കുമാറും കനകയും സനുഷയുമെല്ലാം ഇത്തരക്കാരുടെ കൊലവിളിക്ക് നേരത്തെ തന്നെ ഇരയായവരാണ്. ഇത്തരക്കാരുടെ പിൻമുറക്കാർ വീണ്ടും വീണ്ടും തലപൊക്കുന്പോൾ ജാഗരൂകരാകേണ്ടത് നമ്മളോരോരുത്തരുമാണ്. പ്രശസ്തരെ “കൊന്നുകൊണ്ട്’ നടത്തുന്ന ഇത്തരം പ്രവർത്തികൾ എന്തുതരം ആനന്ദമാണ് ഇവർക്ക് നൽകുന്നതെന്ന് അറിയില്ല.
ചുമ്മാ ഒരു രസത്തിനായി നിങ്ങൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇത്തരം ഉറക്കം കെടുത്തലുകൾ പ്രശസ്തരിൽ നിന്നും സാധാരണക്കാരിലേക്ക് വഴിമാറാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ഫെയ്സ് ബുക്കിൽ ഇത്തരം പോസ്റ്റുകൾക്ക് കിട്ടുന്ന ലൈക്കും ഷെയറും കൂടുന്പോൾ ശരിക്കും പേടിക്കേണ്ടിയിരിക്കുന്നു. രാത്രിവരെ തൊട്ടടുത്തുണ്ടായിരുന്ന കൂട്ടുകാരന്റെ ഫോട്ടോ ചുമ്മാ ഒരു രസത്തിന് അതിരാവിലെ അന്തരിച്ചു എന്ന ലേബലിൽ പോസ്റ്റു ചെയ്ത കാഴ്ച കണ്ണിലുടക്കിയാൽ അതിശയിക്കേണ്ടതില്ലാ… കാലത്തിന്റെ പോക്ക് ഈ വിധത്തിലാണ്. പറ്റുമെങ്കിൽ ഒന്നു നീട്ടി ശ്വാസം വിടുക… എന്തിനാണെന്നോ സ്വന്തം ഫോട്ടോ അല്ലല്ലോ മരണ വാർത്തയ്ക്ക് മുകളിൽ ഉള്ളതിന്റെ ആശ്വാസത്തിൽ. സോഷ്യൽ മീഡിയ മാന്യമായി ഉപയോഗിക്കുന്ന ഭൂരിപക്ഷത്തെ ഇത്തരം ആഭാസത്തരങ്ങൾ കാട്ടി കളിയാക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടികൾ തന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ബന്ധുക്കൾക്ക് വിഷമമായെങ്കിലും പരിഭവമില്ല: വിജയരാഘവൻ
എം.സുരേഷ്ബാബു
തിരുവനന്തപുരം: താൻ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിച്ച സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് ചലച്ചിത്ര നടൻ വിജയരാഘവൻ. ഇത് സംബന്ധിച്ച് പോലീസിൽ പരാതിനൽകിയിട്ടില്ല. പരാതി നൽകാനും ഉദ്യേശിക്കുന്നില്ലെന്ന് വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി നൽകിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിൽ ആർക്കെതിരെ പരാതി നൽകാനാണ് കഴിയുക. ആരെങ്കിലും തമാശക്ക് വേണ്ടി പടച്ച് വിട്ട വാർത്തയായിരിക്കുമെന്നാണ് കരുതുന്നത്. വാർത്ത തന്നെ വിഷമിപ്പിച്ചിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിഷമം ഉണ്ടാക്കിയെന്ന് വിജയരാഘവൻ പറഞ്ഞു. അങ്കമാലിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും സഹോദരിയുടെ വീട്ടിലെത്തി വിശ്രമിക്കുന്പോഴാണ് തന്റെ മരണവാർത്തയെക്കുറിച്ച് അറിഞ്ഞത്. തന്റെ മകനാണ് ആദ്യം ഈ കാര്യം തന്നോട് പറഞ്ഞത്. വാട്ട്സ് ആപ്പിലും സോഷ്യൽ മീഡിയയിലും മരണവാർത്ത പ്രചരിച്ചതിനെ തുടർന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിലയ്ക്കാത്ത ഫോണ്വിളികൾ എത്തിയെന്ന് വിജയരാഘവൻ പറഞ്ഞു.
മറ്റ് സിനിമകളുടെ ഷൂട്ടിംഗുകൾക്ക് അടുത്ത ദിവസം ഇടുക്കിയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള മരണവാർത്ത തമാശയായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും ഈ കാര്യത്തിൽ സംശയിക്കുന്നില്ലെന്നും ശത്രുക്കളായി ആരും തന്നെ തനിക്കില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.