ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയില്‍ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്.
നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ് കല്യാണം കഴിച്ചതെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷെ ഇത്രയും വലിയ ആത്മബന്ധം ഇവർ തമ്മിലുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛന് ഷോക്കായി.
അച്ഛൻ അമ്മയുടെ കൂടെയാണ് കിടക്കുന്നത്. മൂത്രമൊക്കെ പോകും. പക്ഷെ അച്ഛൻ എന്നും അമ്മയുടെ കൂടെ കിടക്കും. അമ്മയ്ക്ക് അച്ഛനെ പോലും അറിയാതെയായി. അച്ഛൻ അടുത്തുനിന്നു മാറിയില്ല. അമ്മ മരിച്ച ശേഷം അച്ഛൻ മാനസികമായി തകരുകയും മദ്യപാനിയുമായി.
അതിനിടെയാണ് ഗോഡ്ഫാദറിന്റെ കഥ പറയുന്നത്. അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഇനി ഇവിടെനിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്. കഥ കേട്ട് എഴുന്നേറ്റ് ഇരുന്നു.
നിങ്ങള്‍ എന്നെ ഇതിലേക്ക് വിളിക്കാൻ കാര്യം എന്താണെന്ന് ചോദിച്ചു. സാറിന്റെ ഇമേജ് ഞങ്ങള്‍ ഉപയോഗിക്കുകയാണെന്ന് വിചാരിച്ചാല്‍ മതിയെന്ന് സിദ്ധിഖ്. അപ്പോള്‍ ഒറ്റ ചിരി ചിരിച്ചു. അന്നു മദ്യപാനം നിർത്തി. പിന്നെ കുടിച്ചിട്ടില്ല. ആ സിനിമ വലിയ ഭാഗ്യമായി. -വിജയരാഘവൻ