ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരില് ഒരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം.
കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടകം കണ്ടാണ് വളര്‍ന്നത്. അച്ഛന് നാടക അഭിനേതാക്കള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്.
എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണ്. നാടകമാണ് മുന്നോട്ടുള്ള ജീവിതം എന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു.
കോളജ് പഠനം കഴിയാറായപ്പോഴാണ് ഭാവി പരിപാടിയെക്കുറിച്ച് അച്ഛന് ചോദിക്കുന്നത്. എന്തെങ്കിലും നോക്കണമെന്ന് മറുപടി കൊടുത്തപ്പോള്‍ എന്നാല്‍ നാടകത്തിനൊപ്പം കൂടിക്കോ എന്നായിരുന്നു അച്ഛന് പറഞ്ഞത്.
സത്യത്തില്‍ അച്ഛന്റെ വായില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. കാരണം ഏറെ മുന്‍പ് അഭിനയമാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ തന്നെ തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ ഒരു കാര്യത്തിനും അച്ഛന് എന്നെ നിര്‍ബന്ധിച്ചിട്ടില്ല. -വിജയരാഘവൻ