കൊച്ചി: യുവനടി നൽകിയ ലൈംഗികപീഡന പരാതിയെത്തുടർന്ന് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്.
വിജയ് ബാബു മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അറസ്റ്റിനെ അതു ബാധിക്കില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതി കീഴടങ്ങാന്‍ എടുക്കുന്ന സമയമനുസരിച്ചായിരിക്കും പാസ്പോര്‍ട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ അന്വേഷണം വൈകിയിട്ടില്ല. പരാതി ലഭിച്ച അന്നുതന്നെ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.
ആരോപണവിധേയനെക്കുറിച്ച് തെരക്കിയപ്പോൾ ഗോവയില്‍ ആണെന്നാണ് അറിഞ്ഞത്. അവിടെയെത്തിയെങ്കിലും പിടികൂടാനായില്ല.
ദുബായിലേക്ക് പ്രതി കടന്നെങ്കിലും അന്വേഷണസംഘം ദുബായിലേക്കു പോകേണ്ട സാഹചര്യം നിലവിലില്ല.
വിജയ് ബാബുവിനെതിരേ ഭയപ്പെട്ടാണ് നടി പരാതി തന്നത്. പരാതിയുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല. എഫ്ഐആര്‍ എന്നത് പൊതുവിവരമാണ്.
നടിയുടെ പരാതിക്കു പുറകെ സമൂഹമാധ്യമത്തിലൂടെ വിജയ് ബാബുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
ആരോപണം പുറത്തുവിട്ട ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമായി ആശയവിനിമയം നടത്തി. യുവതിയുടെ പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.