കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി.
ഹോട്ടലുകളിൽ വച്ച് പീഡനം നടന്നുവെന്ന് നടി നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളതിനാൽ ആഢംബര ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും.
കോടതി നിർദേശപ്രകാരം ഇന്നലെ രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തശേഷം അതിജീവിതയുടെ പരാതിയിൽ പറയുന്ന പനന്പള്ളി നഗറിലെ ഫ്ളാറ്റിലെത്തിച്ചു തെളിവെടുത്തു.
മുൻകൂർ ജാമ്യമുള്ളതിനാൽ വൈകുന്നേരത്തോടെ വിട്ടയച്ചു. ജൂലൈ മൂന്നുവരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയുണ്ട്.
ഈ ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ ചോദ്യം ചെയ്യലിനു ഹാജരാകണം.
അതേസമയം ബലാത്സംഗക്കേസിൽ വിജയ് ബാബു കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതായി കൊച്ചി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
നടിയെ ബലാത്സംഗം ചെയ്തതിനും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരേയുള്ളത്.
ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്.
ഇതിനു പിന്നാലെ യുവതിയുടെ പേരു വെളിപ്പെടുത്തുകയും രാജ്യം വിടുകയും ചെയ്ത വിജയ് ബാബു ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയിരുന്നു.
അതിനിടെ പരാതിയിൽനിന്നു പിൻമാറാൻ അതിജീവിതയ്ക്ക് വിജയ് ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു.
വിജയ്ബാബുവിന്റെ ശബ്ദരേഖയും പുറത്ത്
കേസിൽ വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനെ വിളിച്ച് നേരത്തെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്.
കേസിൽനിന്നും ഒഴിവാക്കാൻ വഴി തേടുന്ന ഏതാനും മിനിറ്റുമാത്രം ദൈർഘ്യമുള്ള എഡിറ്റു ചെയ്ത വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്.
പരാതി പുറത്തുവന്നാൽ ഞാൻ മരിക്കും… പോലീസുകാർ ഇത് ആഘോഷിക്കും… യൂ തിങ്ക് എബൗട്ട് മൈ മദർ… യൂ തിങ്ക് എബൗട്ട് ഹെർ മദർ…
എന്റെ അച്ഛൻ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്…
ഈ കുട്ടിക്ക് ഞാൻ നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ… തുടങ്ങി വൈകാരികമായാണ് സംഭാഷണങ്ങൾ. ഞാൻ ട്രിഗർ ചെയ്തു… അത് സത്യമാണ്…
ഞാൻ അത് അക്സൈപ്റ്റ് ചെയ്യുന്നു… മാപ്പുപറയാം, കാലുപിടിക്കാം… എന്നെ തല്ലിക്കോട്ടെ… എന്തുവേണമെങ്കിലും ചെയ്തോട്ടെ…
നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാൻ അനുവദിക്കരുത്… വഴക്കിന് സൊലൂഷനില്ലേ… നാളെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പുറത്തിറങ്ങി നടക്കാനാകുമോ…
എന്നൊക്കെ ശബ്ദരേഖയിലുണ്ട്. കുറ്റം സമ്മതിക്കുംവിധമുള്ള സംഭാഷണം യുവനടി പരാതി നല്കും മുന്പ് ബന്ധുവുമായി നടത്തിയതാണെന്നാണ് അനുമാനം.
സത്യം ജയിക്കുമെന്ന് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സത്യം ജയിക്കുമെന്ന് കുറിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി പ്രതി വിജയ് ബാബു.
മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.
എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കും.
കോടതി നിർദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല.
അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’