തമിഴിലെ സൂപ്പർ താരങ്ങൾ മലയാള സിനിമയിൽ എത്തണമെന്നു മോഹിക്കുന്ന ആരാധകർ ഏറെയാണ്. എന്നാൽ എത്തിയവർ വളരെ വിരളമാണ്. ചിലർ കഥാപാത്രങ്ങളായി എത്തിയപ്പോൾ മറ്റു ചിലർ അതിഥി വേഷത്തിലെത്തി. തമിഴ് സൂപ്പർ സ്റ്റാർ വിജയ് മലയാളത്തിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. മലയാളത്തിലെ യുവതാരചിത്രത്തിലായിരിക്കും വിജയ് എത്തുക. വിജയ്യെ സിനിമയിൽ എത്തിക്കുന്നതിനായുള്ള ശ്രമം അണിയറ പ്രവർത്തകർ നടത്തിവരികയാണ്.
സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് വിജയ് എത്തുകയെന്നാണു റിപ്പോർട്ടുകൾ. വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക. സണ്ണിക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും സൂപ്പർ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാർവിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളത്തിലെ തന്റെ ആരാധകരെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വിജയ് ഈ ക്ഷണം നിരസിക്കില്ലെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. തമിഴ് സൂപ്പർ താരം ധനുഷ് താരമായിത്തന്നെ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആൻഡ് കമ്മത്തിലായിരുന്നു ധനുഷ് എത്തിയത്. തോംസണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.