കാട്ടാക്കട: തമിഴ് താരങ്ങളുടെ ആരാധകർ എറ്റുമുട്ടി, യുവാവിന് ഗുരുതരപരിക്ക്. വിജയ്, സൂര്യ ആരാധകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സൂര്യ ആരാധകനായ വിളപ്പിൽശാല കാരോട് കരിമരത്തിൻമൂട് വീട്ടിൽ ഷിജു (22) വിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
വിളപ്പിൽശാല ചെറുകോട് ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗത്തെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ചെറുകോട് ജംഗ്ഷനിൽ നാട്ടുകാർ ചേർന്ന് കൊച്ചു കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് ശേഷം സൂര്യ അഭിനയിച്ച സിനിമയിലെ പാട്ടുകളിട്ട് ഷിജുവും സംഘവും നൃത്തം ചെയ്തു. ഈ സമയം വിജയ് ഫാൻസുകാരായ ഇരുപതോളം പേർ വിജയ് അഭിനയിച്ച സിനിമയിലെ പാട്ടിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സൂര്യ ഫാൻസുകാർ അംഗീകരിച്ചില്ല.
തുടർന്നു നടന്ന വാക്കുതർക്കം കൈയാങ്കളിയിലെത്തി. ഇതിനിടെ വിജയ് ആരാധകരിലൊരാൾ കമ്പിപ്പാര കൊണ്ട് ഷിജുവിന്റെ തലയ്ക്കടിച്ചു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഷിജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിക്കാനായത്. അപകടനില തരണം ചെയ്തതിനെ തുടർന്ന് ഷിജുവിനെ വിളപ്പിൽശാല ആശുപത്രിയിലേക്ക് മാറ്റി. വിളപ്പിൽശാല പോലീസ് കേസെടുത്തു.