വിജയ് ദേവരകൊണ്ടയുടെ അര്ജുന് റെഡ്ഢി എന്ന സിനിമ തെലുങ്കിനു പുറമേ തെന്നിന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്.
സന്ദീപ് വാങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.
2017ല്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് അര്ജുന് റെഡ്ഢിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
അതേസമയം അര്ജുന് റെഡ്ഢിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു.
സംവിധായകന് സന്ദീപ് വാങ്ക ഈ റോളുമായി തന്നെയാണ് ആദ്യം സമീപിച്ചതെന്നാണ് തെലുങ്ക് താരം ഷര്‍വാനന്ദാണ് വെളിപ്പെടുത്തിയത്.
വെണ്ണെല എന്ന സിനിമയിലെ തന്റെ പ്രകടനം കണ്ടാണ് സന്ദീപ് തന്നെ സമീപിച്ചതെന്ന് ഷര്‍വാനന്ദ് പറഞ്ഞു. ഷര്‍വാനന്ദിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.
അര്ജ്ജുന് റെഡ്ഢിയുടെ കഥ സന്ദീപ് ആദ്യം എന്നോടാണ് പറഞ്ഞത്. അദ്ദേഹത്തിന് സിനിമ നിര്‍മിക്കാനും പദ്ധതികളുണ്ടായിരുന്നു.
എന്നാല്‍ അത് അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമാകുമെന്ന് വന്നതോടെ മറ്റു ചില നിര്‍മാതാക്കളെ സമീപിച്ചു. എന്നാല്‍ സിനിമ അല്പം വെല്ലുവിളി നിറഞ്ഞതാകുമെന്ന് നിര്‍മാതാക്കള്‍ കരുതിയതിനാല്‍ പ്രോജക്ട് നടന്നില്ല.
അര്ജുന് റെഡ്ഢിയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്-ഷര്‍വാനന്ദ് പറഞ്ഞു.
എന്നാല്‍ അര്ജുന് റെഡ്ഡി വലിയ വിജയമായ ശേഷം വിജയ് ദേവരകൊണ്ട തന്നെയായിരുന്നു ആ റോളില്‍ എത്തേണ്ടിയിരുന്നത് എന്ന് തനിക്ക് മനസിലായെന്നും ഷര്‍വാനന്ദ് പറഞ്ഞു.
ബോളിവുഡിലും സന്ദീപ് വാങ്ക തന്നെയാണ് റീമേക്ക് ചിത്രം ഒരുക്കിയത്. ഷാഹിദ് കപൂറും കിയാര അദ്വാനിയുമായിരുന്നു ഹിന്ദി റീമേക്കായ കബീര്‍ സിംഗില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
തമിഴ് റീമേക്കായ ആദിത്യവര്മയില് ചിയാന്‍ വിക്രമിന്റെ മകന് ധ്രുവും ബനിത സന്ധുവും നായകനും നായികയുമായി. -പിജി