ഇളയദളപതി വിജയുടെ പുതിയ ചിത്രം സർക്കാർ റിലീസിനു മുമ്പേ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 180 അടി ഉയരത്തിലുള്ള വിജയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകർ വിജയ്യോടുള്ള സ്നേഹം കാട്ടിയത്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാകുകയാണ് കോട്ടയത്തെ വിജയ് ആരാധകർ.
പാലഭിഷേകത്തിനും കട്ടൗട്ട് സ്ഥാപിക്കുന്നതിനും പകരമായി നിർധനയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാണ് ഇവർ തങ്ങളുടെ പ്രിയതാരത്തിന്റെ വരവ് ആഘോഷിച്ചത്. ചങ്ങനാശേരി ചീരംചിറ സ്വദേശിയായ സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കൽ കോളജ് സാന്ത്വനം ട്രസ്റ്റിലെ അന്തേവാസിയുമായ കെ.എം. മോനിഷയുടെയും വിവാഹമാണ് കോട്ടയത്തെ വിജയ് ആരാധകർ നടത്തി കൊടുത്തത്. ബി.കോം, ഫിനാൻസ് അക്കൗണ്ടിംഗ് പഠനം പൂർത്തിയാക്കിയ മോനിഷ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
വിവാഹ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് വിഷമിച്ചു നിന്ന പെണ്‍കുട്ടിയെ തേടി വിജയ് ഫാൻസിന്റെ കരം എത്തുകയായിരുന്നു. വിവാഹ ചിലവ് കൂടാതെ മൂന്നു പവൻ സ്വർണവും ഇവർ വാങ്ങി നൽകി. തങ്ങളുടെ പ്രിയതാരത്തെ സ്വീകരിക്കുവാൻ ആർഭാടമൊഴിവാക്കി വലിയൊരു പുണ്യപ്രവർത്തി ചെയ്ത കോട്ടയത്തെ വിജയ് ആരാധകരെ തേടി അഭിനന്ദന പ്രവാഹമാണ്.