ജൻമനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന സെബാസ്റ്റ്യൻ ജീവിതത്തിലേക്കു ചുവടു വച്ചപ്പോൾ മാതാപിതാക്കൾ നന്ദി പറയുന്നത് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ.സതീഷ് വാര്യർക്കും പിന്നെ തമിഴ് സൂപ്പർ സ്റ്റാർ വിജയയ്ക്കുമാണ്. പഞ്ചകർമയും ഫിസിയോതെറാപ്പിയും പിന്നെ വിജയ് മാജിക്കും ചേർത്തായിരുന്നു തമിഴ്നാട് കന്പം ഉത്തമപാളയം സ്വദേശിയായ സെബാസ്റ്റ്യനെന്ന എട്ടു വയസുകാരന്റെ ചികിൽസ.
ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന അവനിന്ന് പിടിച്ചു നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കൊ കഴിയുന്നതിന് പിന്നിൽ അവനും ഡോക്ടർക്കും മാത്രമറിയാവുന്ന ഒരു തന്ത്രമുണ്ട്. ഒന്നര വർഷം മുന്പാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാആയൂർവേദ ആശുപത്രിയിൽ മകനെ എത്തിക്കുന്നത്.
ജനനസമയത്തുണ്ടായ സങ്കീർണതകളാൽ തലച്ചോറിലേയ്ക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞതു മൂലം ചലനശേഷിയും സംസാരശേഷിയും നഷ്ടമാകുകയായിരുന്നു. ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമില്ലാതെ കഴിയവേ കുട്ടിയുടെ പിതാവ് ജയകുമാർ രാജാക്കാട് നിർമാണ ജോലിക്കായെത്തിയപ്പോഴാണ് ഡോ. സതീഷ് വാര്യരെ കുറിച്ചറിഞ്ഞ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്.
ചലനശേഷിയും സംസാരശേഷിയും ഇല്ലെങ്കിലും വിജയ് അഭിനയിച്ച കത്തി സിനിമയിലെ “സെൽഫി പുള്ളെ ’ എന്ന ഗാനം കേട്ടാൽ വല്ലാതെ സന്തോഷിക്കുമെന്നതാണ്. ടിവിയിൽ നടന്റെ സിനിമ വന്നാൽ മാറ്റാൻ സമതിക്കാറുമില്ല. ഇതു മനസിലാക്കിയ ഡോ. സതീഷ് വാര്യരുടെ ചികിത്സ ഈ വഴിയ്ക്കായി. താനും വിജയ് ഫാനാണെന്നും പറയുന്നതു പോലെ ചെയ്താൽ വിജയിയുടെ അടുത്തു കൊണ്ടുപോകാമെന്നും പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോ തെറാപ്പിയും.
സിനിമാ ഡയലോഗ് വഴിയാണ് വ്യായാമം ചെയ്യിപ്പിക്കലും ചികിത്സയുമെല്ലാം നടത്തിയത്. ഒരു വർഷം പിന്നിട്ടപ്പോൾ സെബാസ്റ്റ്യനിപ്പോൾ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. നടുവിന് ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നത്. അതോടെ വൈകാതെ തനിയെ നടക്കാനും സ്കൂളിൽ പോകാനും സാധിക്കും.
കുട്ടിയുടെ പിതാവിന്റെ തുച്ഛമായ വരുമാനം തുടർചികിത്സയ്ക്ക് തികയാറില്ല. സ്വകാര്യ സ്ഥാപനം നടത്തുന്ന ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാർ സൗജന്യമായാണ് ഫിസിയോ തെറാപ്പി ചെയ്യുന്നത്. സ്പീച്ച് തെറാപ്പിക്കും മറ്റ് തുടർ ചികിത്സയ്ക്കും സെബാസ്റ്റ്യന് സഹായം ആവശ്യമാണ്.
മൂന്നാം ഘട്ട ചികിത്സയ്ക്കായാണ് സെബാസ്റ്റ്യനും അമ്മയും ഇപ്പോൾ വീണ്ടും ഇവിടഐത്തിയിരിക്കുന്നത്. എന്തായാലും വിജയ് സിനിമകളെ പോലെ ചികിൽസയും സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഡോ. സതീഷ് വാര്യരും സെബാസ്റ്റ്യന്റെ മാതാപിതാക്കളും.