ചെന്നൈ: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. അടുത്ത കാലത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും വിവാദങ്ങൾക്കും പരോക്ഷമായി വിജയ് മറുപടി നൽകി.
“എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും മുതലായ കാര്യങ്ങളും ആ ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല’.
നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയാവണം. അല്ലാതെ താൽപര്യങ്ങൾക്കു വേണ്ടി ആവരുത്. താരം പറഞ്ഞു. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്ത വിജയ് സേതുപതിയെയും താരം അഭിനന്ദിച്ചു.
“ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ ഒരാൾ തമിഴ് സിനിമയിൽ ഉണ്ടെങ്കിൽ അത് വിജയ് സേതുപതിയാണ്.
അദ്ദേഹത്തിന് ഈ സിനിമയിൽ വില്ലനായി അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല.
എന്തിനാണ് ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അഭിനയിക്കാൻ മനസ്വന്നതെന്ന് എനിക്ക് തന്നെ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം അവരുടെ സിനിമകൾക്ക് വലിയൊരു ബിസിനസ് ഉണ്ട്.
അത് ഞാൻ ചോദിച്ചു. എന്തിന്’? വലുതായി എന്തോ പറയാനുണ്ടെന്ന് വിചാരിച്ച എന്നെ വെറും നാല് വാക്കുകളിൽ അദ്ദേഹം അദ്ഭുതപ്പെടുത്തി. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്’,
ഇതായിരുന്നു മറുപടി. അപ്പോഴാണ് എനിക്ക് മനസിലായത്, അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടം ഉണ്ടെന്ന്. – വിജയ് പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓഡിയോ ലോഞ്ച് നടന്നേക്കില്ലെന്ന തരത്തിൽ സിനിമാമേഖലയിലും സോഷ്യൽമീഡിയയിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ആർഭാടങ്ങളൊഴിവാക്കി ചെറിയ തോതിലാണ് ചടങ്ങ് നടന്നത്. കറുപ്പ് സ്യൂട്ട് ധരിച്ച് ചടങ്ങിനെത്തിയ വിജയ്യെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വാഗതം ചെയ്തത്.