തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്കെതിരെ ഇനി ഉപദേശമുണ്ടാകില്ലെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ക്രമസമാധാനചുമതലയുള്ള എഡിജിപി. വിജയ് സാഖറെ വ്യക്തമാക്കി.
റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും മാസ്ക് ധരിക്കാതെയും നിയന്ത്രണം ലംഘിച്ചും പോകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
പോലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങൾക്ക് ഉപദേശവും ശാസനയുമാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രോട്ടോക്കോളും പാലിക്കാൻ തയാറാകാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നു മുതൽ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അതിനായി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ടെ ന്നും എഡിജിപി വ്യക്തമാക്കി.
ഓരോ പോലീസ് സ്റ്റേഷനിലുമുള്ള അംഗസംഖ്യയുടെ മൂന്നിൽ ഒന്ന് പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
കണ്ടെ യ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും, കൂടാതെ സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ മറ്റ് വാഹനങ്ങൾ എന്നിവയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചാൽ വാഹന ഉടമയുടെയും ബസ് ഡ്രൈവർ, കണ്ട ക്ടർ എന്നിവരുടെ പേരിലും കേസെടുക്കുമെന്നും പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടപ്പരിശോധന തുടരുന്നു
സംസ്ഥാനത്ത് കോവിഡ് കൂട്ടപ്പരിശോധന രണ്ടാം ദിവസമായ ഇന്നു തുടരും. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നത് തടയാനാണ് കൂട്ടപ്പരിശോധന നടത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികള്‍ , റസിഡന്‍സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ആര്‍ടി പിസിആര്‍ , ആന്റിജൻ പരിശോധനകളാണ് നടത്തുന്നത്.
ഇന്നലേയും ഇന്നുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക്കുന്നത്.കോവിഡ് വാക്സിൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍, പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്.