പെട്ടന്നൊരു ദിനം താരപദവിയിലേക്ക് ഉയർന്നു കയറിയ ഒരാളല്ല തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി.
താരം നടന്ന വഴികളൊക്ക കൂട്ടിനോക്കിയാൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഒരുപാട് വർഷങ്ങൾ നീണ്ടതാണെന്ന് കാണാം.
ആ ജീവിതത്തിന്റെ നേർക്കാഴ്ചകളെക്കുറിച്ച് വിജയ് സേതുപതി തുറന്ന് പറയുന്നത്.
തന്റെ അനുഭവങ്ങളാണ് തന്നെ അത്തരത്തിൽ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.
സിനിമയിൽ അവസരത്തിനായി നടക്കുന്പോൾ ചെന്നൈയിലെ തെരുവുകളിൽ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ ഞാൻ അലഞ്ഞിട്ടുണ്ട്.
ആ അനുഭവത്തിൽ നിന്നാണ് ആണ്ടവൻ കട്ടളെ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഞാൻ അഭിനയിച്ച കൂടുതൽ ചിത്രങ്ങളിലും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളുണ്ട്.
ഈ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വിനയത്തോടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്- വിജയ് സേതുപതി അഭിമുഖത്തിൽ വ്യക്തമാക്കി.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടനായി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് വിജയ് സേതുപതി.
തമിഴിനൊപ്പം മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെയെല്ലാം പ്രിയ താരമാണ് വിജയ് സേതുപതി. പ്രേക്ഷകരോടുള്ള സ്നേഹവും വിനയവും എളിമയും കൊണ്ട് തെന്നിന്ത്യയുടെ ഇഷ്ടതാരമാണ് അദ്ദേഹം.
വിജയ് നായകനായ മാസ്റ്ററിലെ വില്ലൻ കഥാപാത്രം ഭവാനി എന്ന കഥാപാത്രവും താരത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.
-പിജി