മൃഗശാലയിൽനിന്ന് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി. ചെന്നൈ വണ്ടലൂർ മൃഗശാലയിലെ അഞ്ച് വയസുള്ള ആദിത്യ, നാലര വയസുള്ള ആർതി എന്നീ കടുവകളെയാണ് ദത്തെടുത്തത്. മൃഗശാലയിൽ സംഘടിപ്പിച്ച ചെറിയ ചടങ്ങിൽ കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മൃഗശാല അധികൃതർക്ക് താരം കൈമാറി. ഡയറക്ടർ യോഗേഷ് സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ സുധ രമൺ എന്നിവരാണ് ചെക്ക് സ്വീകരിച്ചത്.
തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. പിന്നീട് മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് ആറുമാസത്തേക്ക് രണ്ട് കടുവകളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തിനുശേഷം മറ്റ് മൃഗങ്ങളിലൊന്നിനെ ദത്തെടുക്കാൻ ആലോചനയുണ്ടെന്നും താരം വ്യക്തമാക്കി.