കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഈ മാസം 27-ന് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
അന്വേഷണവുമായി പൂർണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉപാധികളിൽ പറയുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ്ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റു രേഖപ്പെടുത്തിയാൽ ഇയാളെ ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുനേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയുമായുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് വിജയ്ബാബു കോടതിയെ അറിയിച്ചത്.
എന്നാൽ വിജയ് ബാബുവിൽനിന്ന് അതിക്രൂരമായ ലൈംഗിക പീഡനം തനിക്ക് ഏൽക്കേണ്ടിവന്നുവെന്നാണ് പുതുമുഖ നടി കോടതിയെ അറിയിക്കുകയുണ്ടായി. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും കോടതി പരിശോധിച്ചിരുന്നു.
വിജയ് ബാബുവിനെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിക്കുകയുണ്ടായി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു. കേസിനെ തുടർന്ന് ദുബായിലേക്ക് കടന്ന് 39 ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം കഴിഞ്ഞ ഒന്നിനാണ് ഇയാൾ കൊച്ചിയിൽ തിരിച്ചെത്തിയത്. രണ്ടുതവണ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.