കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽനിന്ന് കടന്നതായി സൂചന.
പ്രതികളെ കൈമാറ്റം ചെയ്യാൻ ഇന്ത്യയുമായി കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാൾ കടന്നതായാണ് സൂചന.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്ന് വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
ഇതോടെ വിജയ്ബാബുവിന്റെ വീസയും റദ്ദാകും. ഇതുസംബന്ധിച്ച വിവരം ഇന്നലെ വിദേശകാര്യ മന്ത്രാലയം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയുണ്ടായി.
പാസ്പോർട്ട് റദ്ദായ വിവരം ഇന്ത്യൻ എംബസി യുഎഇ പോലീസിനെ അറിയിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
യുഎഇ പോലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു സിറ്റി പോലീസിന്റെ നീക്കം.
ഇന്റർപോൾ ഇയാൾക്കെതിരേ നേരത്തെ ബ്ല്യൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പുതുമുഖ നടിയുടെ പരാതി.
ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.
അതിനുശേഷം താൻ ദുബായിലുണ്ടെന്ന് പ്രഖ്യാപിച്ച് ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ താൻ ബിസിനസ് ടൂറിലാണെന്നും 19-നെ നാട്ടിലെത്താനാവൂവെന്നുമാണ് ഇയാൾ അറിയിച്ചത്.
ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു പീഡിപ്പിച്ചതെന്നാണ് നടിയുടെ മൊഴി.
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞും പീഡനം തുടർന്നെന്നും ശാരീരികമായി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.
ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരേ കേസ് എടുത്തിരിക്കുന്നത്.