കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു.
വിജയ് ബാബുവിനെതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. അഞ്ച് സ്ഥലങ്ങളില്‍ യുവനടിക്കൊപ്പം ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ആഡംബര ഹോട്ടലില്‍ നിന്ന്
ഇനിയും പല സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതായുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി വിജയ് ബാബുവിന്റെ കൊച്ചി പമ്പള്ളിനഗറിലെ ഫ്ളാറ്റിലും കടവന്ത്രയിലെ ഒരു ഹോട്ടലിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ഈ ആഡംബര ഹോട്ടലില്‍ നിന്നാണ് പോലീസിന് നിര്‍ണായകമായ തെളിവ് ലഭിച്ചത്.
കൂടുതല്‍ പേരുടെ മൊഴി
ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ഇതില്‍ സിനിമ മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടും. വിജയ്ബാബുവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതായി കമ്മീഷണര്‍ പറഞ്ഞു.
കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും.
ആവശ്യമെങ്കിൽ ഇന്റർപോൾ
ഇന്റര്‍പോളിന്റെ സഹായം നിലവില്‍ തേടേണ്ട സാഹചര്യമില്ല. ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കും.
ഇരയെ ഭീഷണിപ്പെടുത്തിയാല്‍ അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കൊല്ലും എന്നതടക്കമുള്ള ഭീഷണി
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് വിജയ് ബാബു തന്നെ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ ഉള്ളത്.
മയക്കുമരുന്നും മദ്യവും നല്കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്.
പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ട്.
അതേസമയം വിദേശത്തേക്കു കടന്ന വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങി.
ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ച് അറിയിപ്പ് നല്കി.
പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന്
നടന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ്ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
പരാതിയെ തുടര്‍ന്ന് ഗോവയില്‍നിന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം. കൊച്ചി സിറ്റി പോലീസ് ഇയാള്‍ക്കായി ഗോവയില്‍ പോയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ബാലാത്സംഗം, ദേഹോപദ്രവം എല്പ്പിക്കല് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരായ കേസ് എടുത്തിരിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഐടി ആക്ട് പ്രകാരം മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.