കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതും തുടരും.
ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ്ബാബു 29 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.
ബുധനാഴ്ചയും ഇന്നലെയുമായി ഇയാളെ 20 മണിക്കൂറാണ് എറണാകുളം സൗത്ത് പോലീസ് ചോദ്യം ചെയ്തത്.
ഇന്ന് ഉച്ചയ്ക്കുശേഷം ചോദ്യം ചെയ്യൽ തുടരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് വിജയ് ബാബു ആവർത്തിക്കുന്നത്.
മുൻകൂർ ജാമ്യഹർജി ഏഴിന് വീണ്ടും പരിഗണിക്കും
അതേസമയം വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിന് പരിഗണിക്കാനായി മാറ്റി.
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഈ മാസം ഏഴു വരെ നീട്ടിയിട്ടുണ്ട്.
വിജയ് ബാബുവിനെ ചോദ്യംചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിക്കുന്നത്.
വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താനോ പാടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ഒന്നിലും പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നിനു വിജയ് ബാബു ദുബായിൽനിന്നു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചു.
കേസിൽ തന്റെ ഭാഗം വിശദീകരിക്കാൻ വിജയ് ബാബുവിന് വേണ്ടത്ര അവസരം നൽകിയെന്നും കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും വ്യക്തമാക്കി. തുടർന്നാണ് ഹർജി ഏഴിലേക്ക് മാറ്റിയത്.
മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് പുതുമുഖ നടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റത്തിനു മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തിരുന്നു.
ഏപ്രിൽ 22ന് പോലീസ് കേസ് എടുത്തെങ്കിലും 24നു വിജയ് ബാബു ദുബായിലേക്ക് പോയി. തുടർന്നാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്നു പ്രതിക്കു നാട്ടിൽ മടങ്ങിയെത്താൻ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകുകയായിരുന്നു.
രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഈ സമയത്തിനുള്ളിൽ വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അതിനുശേഷം ഹർജി പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.