കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബു ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
ഇതു സംബന്ധിച്ച് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം പീഡന പരാതിക്ക് പിന്നാലെ ദുബായിലേക്കും പിന്നീട് ജോർജിയയിലേക്കും കടന്ന വിജയ് ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം പോലീസിനു ലഭിച്ചു.
ഇയാളെ നാട്ടിലെത്തിക്കാൻ യുഎഇ കോണ്സുലേറ്റിന്റെ ഉൾപ്പെടെ സഹായം കൊച്ചി സിറ്റി പോലീസ് തേടിയിട്ടുണ്ട്.
ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശമന്ത്രലായം റദ്ദാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത ജോർജിയയിലേക്ക് പ്രതി കടന്നത്.
പോലീസ് ഇവിടേക്ക് പോകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതിനിടെയാണ് വിജയ്ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
അറസ്റ്റിനു നീക്കം
ഇന്ന് വൈകിട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കാനുള്ള നടപടികൾ പോലീസ് ഊർജിതമാക്കി.
ലുക്ക് ഔട്ട് സർക്കുലർ ഉള്ളതിനാൽ ഇയാൾ കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം.
എന്നാൽ ഇയാൾ ഇന്ന് കൊച്ചിയിൽ എത്തിയേക്കില്ലെന്നും പോലീസ് ഉന്നതർ സംശയിക്കുന്നുണ്ട്. കാരണം യാത്രാ രേഖകൾ ഹാജരാക്കിയ ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇയാളുടെ വരവ് ഇനിയും വൈകാൻ സാധ്യതയുണ്ടെന്നും പോലീസ് ഉന്നതർ കരുതുന്നു.
ബിസിനസ് ടൂറിലെന്ന്
ബിസിനസ് ടൂറിലാണെന്നും ഇന്ന് മടങ്ങിയെത്തുമെന്നുമാണ് വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചിട്ടുള്ളത്.
അതേസമയം വിജയ്ബാബു വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് ഹൈക്കോടതി ഇന്നലെ അറിയിച്ചത്.
അതേത്തുടർന്ന് കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവാൻ തയാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അഭിഭാഷകൻ മുഖേന വിജയബാബു കോടതിയെ അറിയിച്ചിരുന്നു.