സ്വന്തം ലേഖകൻ
ന്യൂഡൽഹി: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സർക്കാരും നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാനില്ലെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.
അതേസമയം ഹൈക്കോടതി ഏർപ്പെടുത്തിയ ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി മാറ്റം വരുത്തി. ജൂലൈ മൂന്നുവരെയാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുവദിച്ചിരുന്നത്.
എന്നാൽ, അവശ്യമെങ്കിൽ അതിനു ശേഷവും ചോദ്യം ചെയ്യാമെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.
കോടതിയുടെ അനുമതി ഇല്ലാതെ വിജയ് ബാബു കേരളം വിട്ടു പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. വിജയ് ബാബു തെളവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.
മാത്രമല്ല, പരാതിക്കാരിയെ ഒരു തരത്തിലും അവഹേളിക്കരുതെന്നും കർശനമായി നിർദേശിച്ചു.
ഇരുപത് വയസിനു മുകളിൽ മാത്രം പ്രായമുള്ള പരാതിക്കാരിയെ വിജയ് ബാബു ഫേസ് ബുക്കിൽ ലൈവിലൂടെ പേര് വെളിപ്പെടുത്തി അവഹേളിച്ചു എന്ന് മുതിർന്ന അഭിഭാഷകൻ രഘേന്ത് ബസന്ത് ചൂണ്ടിക്കാട്ടി.
കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത ജോർജിയയിലേക്ക് ഇയാൾ കടന്നു കളഞ്ഞ കാര്യവും അഭിഭാഷകൻ പറഞ്ഞു.
വിജയ് ബാബു സിനിമാ മേഖലയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിലെ സാക്ഷികളും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന വാദത്തിൽ വിജയ് ബാബുവും പരാതിക്കാരിയും മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടല്ലോ എന്നു കോടതി ചോദിച്ചു.
ഇവർക്കിടയിൽ മുമ്പ് പരസ്പര ധാരണ ഉണ്ടായിരുന്നു എന്നല്ലേ അതു വ്യക്തമാക്കുന്നതെന്നും കോടതി ചോദിച്ചു.
എന്നാൽ, അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനു ശേഷം വിജയ ബാബുവാണ് മെസേജുകൾ ഡിലീറ്റ് ചെയ്തതെന്ന് അഭിഭാഷകൻ വാദിച്ചു.
എന്തുതന്നെയായാലും കുറ്റാരോപിതൻ തനിക്കെതിരായ തെളിവുകൾ സ്വയം നൽകില്ലല്ലോ എന്നു കോടതി ആരാഞ്ഞു.
അറസ്റ്റ് ചെയ്യണം എന്നു സമ്മർദം ചെലുത്താനാകില്ല. പക്ഷേ, അയാൾ നിയമ നടപടികളിൽനിന്നു രക്ഷപ്പെടുന്നില്ല എന്നുറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, മാനഭംഗത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നുവെന്നും വിഹാഹം കഴിക്കാമെന്ന ഉറപ്പു നൽകിയിരുന്നു എന്നും പറയുന്നു.
പക്ഷേ, വിജയ് ബാബു വിവാഹിതനാണ്. അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിക്കാനുള്ള സാധ്യതയും അയാൾക്കില്ലല്ലോ എന്നും കോടതി ആരാഞ്ഞു.