പുതുച്ചേരി: തമിഴ് നടൻ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നതു ബന്ധു ഉൾപ്പെടെ നാലംഗസംഘം. പ്രതികൾക്കായി പോലീസ് വലവിരിച്ചു. പുതുച്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
പുതുച്ചേരി നഗരപരിധിയിൽ ഗോവിന്ദശാല സ്വദേശി ആർ. മണികണ്ഠനാണ് (30) വെട്ടേറ്റു മരിച്ചത്. അസോസിയേഷൻ ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസ് പറയുന്നത്.
സംഭവങ്ങളുടെ തുടക്കം
ആട്ടുപ്പട്ടിയിൽ നിന്നുള്ള മണികണ്ഠനും രാജശേഖരനും സുഹൃത്തുക്കളും വിജയ് സേതുപതിയുടെ കടുത്ത ആരാധകരാണ്. ഇവരെല്ലാം ചേർന്നാണ് പുതുച്ചേരിയിൽ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്നത്.
രാജശേഖരന് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആർ. മണികണ്ഠനെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ രാജശേഖരൻ അസ്വസ്ഥനാവുകയും പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുകയും ചെയ്തു. മണികണ്ഠൻ പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാനും തയാറായില്ല.
തുടർന്ന് സമാന്തരമായി മറ്റൊരു വിജയ് സേതുപതി ആരാധ കൂട്ടായ്മ രാജശേഖരൻ ഉണ്ടാക്കി പ്രവർത്തിക്കാൻ തുടങ്ങി. വിജയ് സേതുപതിയുടെ രണ്ട് ഫാൻസ് കൂട്ടായ്മകൾ സിനിമാ ആരാധകരെ ഞെട്ടിച്ചു.
ഇതോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി മണികണ്ഠൻ വിഭാഗവും രാജശേഖരൻ വിഭാഗവും ചർച്ച നടത്തി. കഴിഞ്ഞ ഞായറാഴ്ചയും ചർച്ച നടന്നു. പക്ഷേ ചർച്ച പരാജയമായിരുന്നു.
രാത്രി പത്തുമണിയോടെ ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന മണികണ്ഠനെ നെല്ലിത്തോപ്പ് മാർക്കറ്റിനു സമീപം ഒരു സംഘം പിന്തുടർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ മണികണ്ഠനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയിന്റിംഗ് തൊഴിലാളി കൂടിയാണ് മണികണ്ഠൻ. സംഭവത്തിൽ ഇതുവരെ വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല. കൊലപാതക വാർത്തയുടെ ഞെട്ടലിലാണ് വിജയ് സേതുപതി എന്നാണ് റിപ്പോർട്ടുകൾ.
ആരാധന അതിരുവിടുന്പോൾ
തമിഴ് താരങ്ങളെ ദൈവങ്ങളെപ്പോലെ കാണുന്നവരാണ് അവരുടെ ആരാധകരിൽ മിക്കവരും.
എല്ലാ പ്രമുഖ നടൻമാർക്കും ഫാൻസ് അസോസിയേഷനുകളുമുണ്ട്.ചേരി തിരിഞ്ഞ് ഫാൻസ് അസോസിയേഷനുകൾ തമ്മിൽ അടിപിടി കൂടുന്നതും ചൂടൻ വാഗ്വാദങ്ങൾ നടക്കുന്നതും പതിവാണ്.
തങ്ങളുടെ താരത്തിന്റെ ചിത്രങ്ങൾ തിയറ്ററുകളിലെത്തിയാൽ വിജയിപ്പിക്കാൻ മുൻകയ്യെടുക്കുന്നതും ഇത്തരം ആരാധക കൂട്ടായ്മകളാണ്.
അതുകൊണ്ട് തന്നെ ആരാധക കൂട്ടായ്മകളെ തള്ളിപ്പറയാൻ താരങ്ങൾക്കാവില്ല. പുതുച്ചേരി സംഭവം ഒരു നടന്റെ ആരാധകർക്കുള്ളിൽ നടന്ന ആഭ്യന്തര വിഷയത്തെത്തുടർന്നുണ്ടായതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഫാൻസ് അസോസിയേഷനുകളെ നിയന്ത്രിക്കാൻ താരങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ട അവസ്ഥ വരും.
-എൻ.എം