ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് വിജയകാന്ത് എന്ന നടനെക്കുറിച്ച് കൂടുതല്‍ ആമുഖങ്ങളൊന്നും വേണ്ട. ഒരുകാലത്ത് തമിഴ് സിനിമയുടെ നാഥനായിരുന്നു ക്യാപ്റ്റന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേര്‍ത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ വിജയകാന്തിന് കഴിഞ്ഞിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥ പക്ഷേ ദയനീയമാണ്. തനിച്ചു എണീറ്റു നില്ക്കാന്‍ പോലും താരത്തിന് വയ്യ. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തിയത് പരസഹായം തേടിയാണ്. ഭാര്യയുടേയും സുഹൃത്തിന്റെയും കൈ പിടിച്ച് വേച്ചു വേച്ചാണ് താരം മറീന ബീച്ചിലുള്ള സ്മൃതി മണ്ഡപത്തില്‍ എത്തിയത്.
വിറയല്‍ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാന്‍ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാര്‍ത്ത പരന്നിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ ഒരുഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ വരെയെത്തിയ വിജയകാന്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ സജീവമല്ല.
ഒരു കാലത്ത് തമിഴ് സിനിമയുടെ വിപണിസാധ്യതകളില്‍ ഒന്നാം നിരയിലായിരുന്നു ഈ പേരിന്റെ സ്ഥാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ ത്യാഗിയായ നായകകഥാപാത്രങ്ങള്‍ വിജയകാന്തിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. ആക്ഷനും പ്രണയവും നൃത്തവും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക രംഗങ്ങളുമൊക്കെ ചേര്‍ന്ന അത്തരം സിനിമകള്‍ വിജയകാന്തിന് ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചു. രാഷ്ട്രീയത്തിലും സിനിമയിലും ക്യാപ്റ്റന്റെ തിരിച്ചുവരവ് ഇനിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.