വിജയ് സേതുപതി ആരാധകർക്ക് സെപ്തംബർ മാസം വളരെ സന്തോഷം നിറഞ്ഞതാണ്.ഷാരൂഖ് ഖാൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാനിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തയിരുന്നു. ഇപ്പോഴിതാ താരം തന്റെ 50-ാം ചിത്രമായ മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.
നിതിലൻ സാമിനാഥൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലും ഇംഗ്ലീഷിലുമായി രണ്ട് പോസ്റ്ററുകളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
പോസ്റ്റിൽ ചെവിയിൽ മുറിവേറ്റ വിജയ് സേതുപതി കസേരയിൽ ഇരിക്കുന്നു, കൈയിൽ ചോര പുരണ്ട അരിവാളും പിടിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ കൈകളിലും കാലുകളിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. തകർന്ന മതിലിലൂടെ ഏതാനും പോലീസ് ഉദ്യോഗസ്ഥർ താരത്തെ നോക്കുന്നുമുണ്ട്.
മഹാരാജയിൽ വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ് കൂടാതെ മലയാള നടിമാരായ മംമ്ത മോഹൻദാസ്, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മഹാരാജയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. അതേ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അമ്പതാം ചിത്രത്തിന് വിജയ് സേതുപതിക്ക് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
അതേസമയം, വിജയ് സേതുപതി തന്റെ ഏറ്റവും പുതിയ പാൻ-ഇന്ത്യ ചിത്രമായ ജവാന്റെ വിജയത്തിൽ കുതിക്കുകയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രതിനായകൻ. അഭിനയ മികവുകൊണ്ട് തന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ആകർഷിക്കാൻ താരത്തിന് കഴിഞ്ഞു.