തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇരുവരും.
ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ രശ്മിക പങ്കു വച്ചിരുന്നു. ആദ്യത്തെ പോസ്റ്റിൽ ബീച്ചിന് അരികിലെ റസ്റ്ററന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് രശ്മിക പങ്കുവച്ചത്. രണ്ടാമത്തെ പോസ്റ്റിൽ ബീച്ചിൽ നിന്നുള്ള സെൽഫിയും പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ചിരുന്നു. കൂടാതെ അവിടെ വച്ചെടുത്ത ഒരു റീലും താരം പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ നടൻ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് ഇടയാക്കിയത്. നടൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെയും പശ്ചാത്തലം കടലും മണലും ആയിരുന്നു. കടലിന്റെ തീരത്തിലൂടെ നടക്കുന്നതും കുതിരപ്പുറത്തിരിക്കുന്നതുമായ ചിത്രങ്ങളാണ് വിജയ് പങ്കുവച്ചത്.
ഇതോടെ രശ്മികയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ വിജയ്യുമുണ്ടായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇരുവരും ഒരേ ബീച്ചിലാണ് പോയതെന്നും ആരാധകർ പറയുന്നു. 2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും മാലദ്വീപിൽ അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മുൻപ് വൈറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കിയിരുന്നു.