കൊച്ചി: വിജയ് ബാബുവിനെതിരേ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി.
ലഹരി നല്കി ലൈംഗിക ചൂഷണം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്തെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് വുമണ്‍ എഗനെസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി ഉന്നയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെ വിജയ് ബാബുവില്‍നിന്ന് ഉപദ്രവം നേരിടേണ്ടി വന്നുവെന്ന് യുവതി പരാതിയിലും ഫേസ്ബുക്ക് പോസ്റ്റിലും ആരോപിക്കുന്നു.
ഒരു സിനിമയില്‍ വിജയ് ബാബുവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയാണ് അദ്ദേഹം വിശ്വാസം നേടിയെടുത്തത്.
മദ്യവും ലഹരിയും നല്കി അവശയാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തു. ബോധമുണ്ടായപ്പോഴെല്ലാം താൻ എതിർത്തു. അതവഗണിച്ച് കഴിഞ്ഞ ഒന്നരമാസത്തിനിടെ പലതവണ ബലാത്സംഗം ചെയ്തു.
ഒഴിവാകാന്‍ ശ്രമിച്ചപ്പോഴൊക്കെ വിവാഹവാഗ്ദാനവും വരാനിരിക്കുന്ന സിനിമകളില്‍ റോളും വാഗ്ദാനം ചെയ്തു.
ഒരുതവണ വയറ്റില്‍ ബലമായി ചവിട്ടി. തന്റെ ഒരു നഗ്നവീഡിയോ റിക്കോര്‍ഡ് ചെയ്യുകയും അതു പുറത്തുവിട്ട് സിനിമാ ജീവിതം തകര്‍ക്കുമെന്നും ജീവന് അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിജയ് ബാബുവിന്റെ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി താനല്ല. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും യുവതി പറഞ്ഞു.