ചാത്തന്നൂർ: നവജാത ശിശുവിനെ ഉപേക്ഷിച്ച രേഷ്മയുടെ ഫേയ്സ്ബുക്ക് രഹസ്യങ്ങൾ പുറത്താകുമെന്ന ഭയത്തിലാണോ ബന്ധുക്കളായ യുവതികൾ ആത്മഹത്യ ചെയ്തതെന്ന സംശയത്തിലാണ് പോലീസ്.
ഒരേ വീട്ടിൽ സഹോദരന്മാരുടെ ഭാര്യമാരായ രേഷ്മയും ആര്യയും വലിയ അടുപ്പത്തിലായിരുന്നു.
രേഷ്മയുടെ ഫേയ്സ്ബുക്ക് രഹസ്യങ്ങൾ ആര്യയ്ക്ക് അറിയാമായിരുന്നുവെന്നും അത് വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയവും മാനഹാനിയുമായിരിക്കും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
സ്വന്തം ഭർത്താവിൽ ജനിച്ച നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) റിമാൻഡിൽ ജയിലിൽ കഴിയുകയാണ്.
നാല് സിമ്മുകൾ രേഷ്മ ഉപയോഗിച്ചിരുന്നുവെന്നും ഇതിൽ ഒരെണ്ണം ഡിലീറ്റ് ചെയ്തുവെന്നും കണ്ടെത്തിയതായി അന്വേഷണ സംഘതലവൻ എസിപി വൈ.നിസാമുദീൻ പറഞ്ഞു.
അമിതമായി ഫോൺ ചാറ്റിംഗിനെ തുടർന്ന് ഭർത്താവ് വിഷ്ണു രേഷ്മയുടെ ഫോൺ നശിപ്പിച്ചിരുന്നു. ഇതിന് ശേഷം രേഷ്മ, ആര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്.
ആര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് വിഷ്ണുവിന്റെ സഹോദര ഭാര്യയായ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്.
ആര്യയും ഗ്രീഷ്മയും തമ്മിൽ ബന്ധുക്കളെന്നതിനെക്കാൾ ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. ആര്യയുടെ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആര്യ ഉപയോഗിച്ചിരുന്ന സിം നമ്പരുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഗ്രീഷമയ്ക്ക് ഫോൺ ഇല്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നതെങ്കിലും ഗ്രീഷമ ഉപയോഗിച്ചിരുന്ന നമ്പർ പോലീസിന് ലഭിച്ചിട്ടുണ്ട്.
സൈബർ സെൽ മുഖേനയുള്ള അന്വേഷണവും ഫേയ്സ്ബുക്ക് കമ്പിനിയിൽ നിന്നും ആവശ്യമായ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.
രേഷ്മയും ആര്യയും ഫേയ്സ്ബുക്ക് അക്കൗണ്ടിൽ കയറി ഒന്നിച്ച് സന്ദേശങ്ങൾ അയക്കുകയും കമൻന്റിടുകയും ചെയ്തിട്ടുണ്ട്.
സൈബർ സെൽ ഉദ്യാഗസ്ഥരെയും മെഡിക്കൽ വിദഗ്ധരെയും ഉൾപ്പെടുത്തി എസിപിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
രേഷ്മയുടെയും മരിച്ച ആര്യ, ഗ്രീഷ്മ എന്നിവരുടെയും ഫെയ്സ് ബുക്ക് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം. ഗൾഫിൽ നിന്നെത്തിയ രേഷ്മയുടെ ഭർത്താവ് വിഷ്ണു ക്വാറന്റൈയിനിലാണ്.
ഗ്രീഷ്മയുടെ സംസ്കാര ചടങ്ങുകൾ കൂടി കഴിയുന്നതോടെ വിഷ്ണുവിനേയും ആര്യയുടെ ഭർത്താവ് രൺജിത്തിനെയും ഗ്രീഷ്മയുടെ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.