പത്തനംതിട്ട: കനറാ ബാങ്കിലെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസ് കുറ്റം സമ്മതിച്ചു.
പണം എവിടേക്കു മാറ്റിയെന്നുള്ള കൃത്യമായ വിവരം പ്രതി നൽകിയിട്ടില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നത്.
പോലീസ് കസ്റ്റഡിയിലുള്ള വിജീഷിനെ ഇന്നു രാവിലെ ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയിൽനിന്നു ലഭിച്ച മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ക്രൈംബ്രാഞ്ചിനും റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കനറാ ബാങ്ക് കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരനു മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
പോലീസ് നിഗമനങ്ങള്‍ കൂടി പരിശോധിച്ചു സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണ് സൂചന.വിജീഷിനെ ബംഗളൂരുവില്‍നിന്നാണ് പോലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ എത്തിച്ച ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
2019 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. കാലാവധി പൂര്‍ത്തിയായ സ്ഥിരം നിക്ഷേപങ്ങളും ഉടമസ്ഥര്‍ ഇല്ലാത്ത അക്കൗണ്ടുകളും മോട്ടോര്‍ വാഹന അപകട ഇന്‍ഷ്വറന്‍സ് തുകകളും വിജീഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരില്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.