പത്തനംതിട്ട: കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതി വിജീഷ് വര്‍ഗീസിനെ ബംഗളൂരുവിലെത്തിച്ച് തെളിവെടുക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശനിയാഴ്ചയാണ് വിജീഷുമായി ബംഗളൂരുവിനു പോയത്.
രണ്ടുദിവസത്തെ തെളിവെടുപ്പ് അവിടെ പൂര്‍ത്തീകരിച്ച് മടങ്ങുമെന്നാണ് സൂചന. ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായ വിജീഷിനെ ഒരാഴ്ച മുമ്പ് ബംഗളൂരുവില്‍ നിന്നാണ് അറസ്റ്റിലായത്.
ഏതാനും മാസങ്ങളായി വിജീഷ് ബംഗളൂരുവില്‍ കുടുംബസമേതം വാടകയ്ക്ക് ഫ്ളാറ്റ് എടുത്തു താമസിക്കുകയായിരുന്നു. വിജീഷിനെ അവിടെനിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ബാങ്ക് ഇടപാടുകളിലെ ചില രേഖകള്‍ പോലീസ് സംഘം കണ്ടെടുത്തിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ തെളിവെടുപ്പുകള്‍ നടത്തുന്നതിലേക്കാണ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന വിജീഷിനെ ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ മറ്റു ജീവനക്കാര്‍ക്കു പങ്കുണ്ടോയെന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക നടപടി ക്രമങ്ങളും കംപ്യൂട്ടര്‍ സംവിധാനവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി വിജീഷ് പറഞ്ഞിട്ടില്ല. 8.13 കോടി രൂപ താന്‍ തട്ടിയെടുത്തിട്ടില്ലെന്നു മാത്രമാണ് വിജീഷ് പറഞ്ഞത്. പണം കണ്ടെത്താനാകാത്തതും അന്വേഷണത്തിനു തടസമാണ്. വിജീഷിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതകള്‍ കൈവരുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.