പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വിജീഷ് വര്‍ഗീസിനെ ബാങ്കിലെത്തിച്ച് അന്വേഷണസംഘം തെളിവെടുക്കും. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വിജീഷിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒമ്പതു ദിവസത്തേക്കാണ് ഇയാളുടെ കസ്റ്റഡി കാലാവധി.
8.13 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ബാങ്കിലെ കാഷ്യര്‍ കം ക്ലാര്‍ക്കായ വിജീഷ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഫെബ്രുവരി 11 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും തട്ടിയെടുത്ത പണം വകമാറിയതു സംബന്ധിച്ചുമാണ് പ്രാഥമികമായി അന്വേഷണം നടത്തുന്നത്.
വിജീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളെ സംബന്ധിച്ചു ബാങ്കിംഗ് രംഗത്തെ വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തും. വിജീഷ് ജോലി ചെയ്ത കനറാ ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. പണം തട്ടിപ്പില്‍ വിജീഷ് മാത്രമല്ല ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് കേസ് ഫയല്‍ പഠിച്ച അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കേസ് ആദ്യം അന്വേഷിച്ച പത്തനംതിട്ട പോലീസിനും ഇതേ അഭിപ്രായമാണുള്ളത്.ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ബാങ്ക് ശാഖയിലെ മറ്റു ജീവനക്കാരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരില്‍ വിജീഷ് തുടങ്ങിയ വ്യാജ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഈ അക്കൗണ്ടുകളെല്ലാം ശൂന്യമാണ്.