പത്തനംതിട്ട: കനറാ ബാങ്കില്‍ നിന്നു 8.13 കോടിരൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലായ വിജീഷ് വര്‍ഗീസി (36)നെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസ് അപേക്ഷ പത്തനംതിട്ട ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും.
കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ തിരിമറി നടത്തി പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിജീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
എന്നാല്‍ നാലുകോടി രൂപ മാത്രമേ മാറ്റിയിട്ടുള്ളൂവെന്നാണ് മൊഴി. ഈ പണവും എവിടേക്കു മാറ്റിയെന്നു കൃത്യമായ വിവരം നല്‍കിയിട്ടില്ല.
ഇന്നലെ നടന്ന പരിശോധനയില്‍ ഈ അക്കൗണ്ടുകളെല്ലാം ശൂന്യമാണെന്നു മനസിലായി. പല അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലാണ്.
വിജീഷ് ജോലി ചെയ്തിരുന്ന കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ ഇന്നലെ രാവിലെ എത്തിച്ചു തെളിവെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട തെളിവെടുപ്പ് വിശദമായി നടത്താനാണ ്അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇതനുസരിച്ച് മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകള്‍ വിജീഷിന് യഥേഷ്ടം ഉപയോഗിക്കാനായതു സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
പാസ്വേഡ് സ്വന്തമാക്കിയും ലോഗൗട്ട് ചെയ്യാത്ത സമയത്തും മറ്റ് കംപ്യൂട്ടറുകളില്‍ കയറിയെന്നാണ് വിജീഷ് പറയുന്നത്. ഇതു സംബന്ധിച്ച ദുരൂഹതകള്‍ ഉണ്ടെന്നാണ് പറയുന്നത്.
വിജീഷിനും ഭാര്യയ്ക്കുമായി രണ്ടുവീതം അക്കൗണ്ടുകള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് വിജീഷ് ആദ്യം പറഞ്ഞിരുന്നത്.
ഭാര്യാ പിതാവിന്റെ അടക്കം പേരിലുള്ള ചില അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജീഷിന്റെ ഭാര്യയെ അടുത്തദിവസം ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് വിജീഷിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യയും രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. നാട്ടിലെത്തിയശേഷം ഇവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.