പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാംശാഖയിലെ പണം തിരിമറി സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 14നാണ് ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ പരാതി പോലീസിലെത്തുന്നത്.
തുടർന്ന് വിജീഷിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. അപ്പോഴേക്കും ഇയാൾ മുങ്ങിയിട്ട് മൂന്നുദിവസമായിരുന്നു. ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു.
പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി ലഭിച്ച പരാതിയേ തുടർന്നാണ് ബാങ്ക് മാനേജർ പ്രഥമിക അന്വേഷണം നടത്തിയത്.
ബാങ്കിന്റെ തുന്പമണ്ണിലുള്ള ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു.
ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിച്ചു.
തിരിമറി കണ്ടെത്തിയതിനുപിന്നാലെ ഫെബ്രുവരു 11നു രാത്രി ഏഴു മുതൽ വിജീഷ് ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഒളിവിൽ പോകുകയായിരുന്നു.
കൂടുതൽ ഇടപാടുകളിൽ തിരിമറി ശ്രദ്ധിക്കപ്പെട്ടതിനേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ പോലീസ് സംഘം ബാങ്കിന്റെ വിശദമായ റിപ്പോർട്ടിനു കാത്തുനിന്നു.
ഇതനുസരിച്ച് കാനറ ബാങ്ക് ഇന്േറണൽ വിഭാഗം ഒരുമാസം നീണ്ടുനിന്ന വിശദമായ കണക്കെടുപ്പ് നടത്തി. 8.13 കോടി രൂപയുടെ തിരിമറി ഉണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി.
ഇതിനിടെ വിജീഷ് എറണാകുളത്തുണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. ഒളിവിൽപോയ ശേഷം ഇയാളുടെയും ഭാര്യയുടെയും മൊബൈൽഫോണ് ഉപയോഗിച്ചിരുന്നില്ല.
എറണാകുളത്തെ കലൂരിലെ ഫ്ളാറ്റിൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം എത്തിയിരുന്നു. പോലീസ് എത്തുന്നതിനു മുന്പായി ഇയാൾ ഇവിടെനിന്നും രക്ഷപെട്ടു.
വിജീഷിന്റെ 20 ലക്ഷം രൂപ വിലവരുന്ന ടാറ്റ ഹാരിയർ കാർ ഫ്ളാറ്റിനു സമീപത്തുനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഓഡിറ്റ് റിപ്പോർട്ട് മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെ പോലീസ് അന്വേഷണവും ഊർജ്ജിതമാക്കി.
സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോയത് ഇതോടെയാണ്.
ഫെബ്രുവരി 27നു തന്നെ ബംഗളൂരൂവിലെത്തിയ വിജീഷ് പിന്നീട് നാട്ടിലെത്തിയാണ് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത്. വികാസ് കുമാർ എന്ന പേരിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചു.
ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ സിംകാർഡ് നശിപ്പിച്ച ശേഷം പുതിയത് വാങ്ങിയിട്ടു. വിജീഷിന്റെയും ഭാര്യയുടെയും നാട്ടിലുള്ള ബന്ധുക്കളുടെ ഫോണ് നന്പരുകൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
പുതിയ സിമ്മിൽ നിന്ന് ബന്ധുക്കളിൽ ഒരാളുടെ നന്പരിലേക്ക് വിളിച്ചത് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുരുക്കാൻ കഴിഞ്ഞത്.
പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ബിജീഷ് ലാൽ, മൂഴിയർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ, ഇലവുംതിട്ട ഇൻസ്പെക്ടർ രാജേഷ്, എസ്ഐ സായി സേനൻ, ഡാൻസാഫ് സംഘത്തിലെ സുജിത്, ശ്രീരാജ്, അനുരാഗ്, പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ്ഐ സഞ്ജു ജോസഫ്, എഎസ്ഐ സവിരാജൻ, ശ്രീകുമാർ, സുനിൽ, അവിനാഷ്, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തിവരുന്നത്.
തട്ടിപ്പിന് സഹപ്രവർത്തകരുടെ കംപ്യൂട്ടറുകൾ ഉപയോഗിച്ചു
2019 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപങ്ങളും ഉടമസ്ഥർ ഇല്ലാത്ത അക്കൗണ്ടുകളും മോട്ടോർ വാഹന അപകട ഇൻഷ്വറൻസ് തുകകളും വിജീഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വാഹനാപകട നഷ്ടപരിഹാരം കേസുകളിൽ വിധിയാകുന്ന തുക നിശ്ചിത കാലയളവിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാൻ കോടതി നിർദേശമുണ്ടാകാറുണ്ട്.
നിശ്ചിത കാലാവധിക്കുശേഷം മാത്രമേ ഈ തുക അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുകയുള്ളൂ. ഇതിൽ നിന്നു തിരിമറി നടന്നാൽ പെട്ടെന്ന് അക്കൗണ്ട് ഉടമ മനസിലാക്കാറില്ല.
ഇത്തരത്തിലുള്ള സാധ്യതകൾ മനസിലാക്കി അതിവിദഗ്ധമായി സൃഷ്ടിച്ചെടുത്ത സ്വന്തം അക്കൗണ്ടുകളിലേക്കാണ് പണം ഏറെയും തിരിമറി നടത്തിയിരിക്കുന്നത്. സ്ഥിരം നിക്ഷേപം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടും വിജീഷ് വിദഗ്ധമായി പണം തിരിമറി നടത്തിവന്നു.
കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലായിരുന്നു കാഷ്യർ കം ക്ലാർക്ക് തസ്തികയിൽ വിജീഷ് ജോലി ചെയ്തിരുന്നത്. 2019 ജനുവരിയിലാണ് ഇയാൾ പത്തനംതിട്ട ശാഖയിൽ ജോലിയ്ക്കെത്തുന്നത്.
മാനേജരടക്കം ആറ് ജീവനക്കാർ മാത്രമേ ശാഖയിലുണ്ടായിരുന്നുള്ളൂ. ജീവനക്കാരുടെ കുറവിൽ അമിത ജോലി ഭാരമുണ്ടായിരുന്നു. വനിതാ ജീവനക്കാരടക്കം ആരെങ്കിലുമൊക്കെ അവധിയെടുക്കുന്പോൾ ജോലി ഭാരം കൂടുകയും ചെയ്തു.
ഇത് വിജീഷ് മുതലെടുത്തുവെന്നാണ് നിഗമനം. എല്ലാദിവസവും ജോലിക്കെത്തി കൂടുതൽ സമയം ജോലി ചെയ്തായിരുന്നു തട്ടിപ്പ്. മാനേജർ, അസിസ്റ്റന്റ് മാനേജർ, ജീവനക്കാർ എന്നിവരുടെ കംപ്യൂട്ടറുകളുടെ പാസ് വേഡ് വീജീഷ് സ്വന്തമാക്കി. ബയോ മെട്രിക് പാസ് വേഡും സിസ്റ്റം പാസ് വേഡും ജീവനക്കാർ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഓരോരുത്തരും ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്തത്. മറ്റ് ജീവനക്കാരുടെ കംപ്യൂട്ടറിൽ അവർ ഇല്ലാത്ത അവസരത്തിൽഡ കടന്നുകയറി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
അഞ്ചു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാനുള്ള അനുമതി ജീവനക്കാർക്കുണ്ടായിരുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ വിജീഷ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിരുന്നു.
ഇതിനു മുകളിലേക്കുള്ള തുക മാനേജരുടെ കംപ്യൂട്ടർ ഉപയോഗിച്ച് അംഗീകാരം നൽകുകയും ചെയ്തു.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ശാഖാ മാനേജരായിരുന്ന മോഹിത് സുവേദി, അസിസ്റ്റന്റ് മാനേജർമാരായ സന്തോഷ്, പഞ്ചമി, ക്ലാർക്ക് മെറിൻ എന്നിവരാണ് വിജീഷിനോടൊപ്പം സസ്പെൻഷനിലായത്.
പണം വിനിയോഗിച്ചത് ഓണ്ലൈൻ ചൂതാട്ടത്തിനെന്ന് മൊഴി
ഉന്നതനിലയിൽ കഴിയുന്ന കുടുംബമാണ് വിജീഷന്റേത്. മാതാപിതാക്കൾ റിട്ടയേഡ് ഉദ്യോഗസ്ഥരാണ്.
നേരത്തെ നേവിയിലായിരുന്ന വിജീഷ് അവിടെനിന്നു വിരമിച്ചശേഷമാണ് ബാങ്ക് ജോലിയിൽ പ്രവേശിച്ചത്. ബാങ്കിലെത്തിയാൽ സ്ഥിരമായി മൊബൈൽ ഫോണ് ഉപയോഗിക്കുന്ന പതിവ് വിജീഷിനുണ്ടായിരുന്നു.
ഓഹരി വിപണി ഇയാൾക്ക് ഹരമായിരുന്നു. ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നുണ്ടെന്ന വിവരം സഹപ്രവർത്തകർക്കും അറിയാമായിരുന്നു.
ഓണ്ലൈൻ ചൂതാട്ടത്തിനും ഓഹരി വിപണയിൽ നിക്ഷേപിക്കാനുമൊക്കെയാണ്പണം ഉപയോഗിച്ചെന്നാണ് ഇയാൾ പോലീസിനോടും പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് സിഐ ബിജീഷ് ലാൽ പറഞ്ഞു. തട്ടിപ്പിൽ പങ്കില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഭാര്യയ്ക്കെതിരെ കേസ് എടുത്തിട്ടില്ലെങ്കി്ലും പോലീസ് നിരീക്ഷണത്തിലാണ്.