ന്യൂഡല്‍ഹി: ഗോദയില്‍ ഇറങ്ങിയാല്‍ സിംഗ് കിംഗാവും. അതിനി ബോക്‌സിംഗ് റിംഗ് എന്ന ആഡംബര വേദിയായാലും മാറ്റമൊന്നുമില്ല. ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയം ഈ സത്യം വീണ്ടും വിളിച്ചുപറഞ്ഞു. വിജേന്ദര്‍ ചിന്ന പയ്യനാണ് എന്നായിരുന്നു ചെക്കായുടെ വാദം. സംഗതി ശരിയുമാണ്. അനുഭവങ്ങളുടെ കണക്കു പുസ്തകം നോക്കിയാല്‍ ബോക്‌സിംഗ് റിംഗില്‍ വിജേന്ദര്‍ പയ്യനാണ്.
എന്നാല്‍, പയ്യന്മാരുടെ ഇടിക്കാണ് ഇപ്പോള്‍ വെയിറ്റ്. വിജേന്ദര്‍ പയ്യന്റെ ഇടിയുടെ ചൂടില്‍ മൂന്നാം റൗണ്ടില്‍ തന്നെ ഫ്രാന്‍സിസ് ചെക്കാ പുറത്ത്. ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് കിരീടം ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് വിജേന്ദര്‍ സിംഗ് നിലനിര്‍ത്തി, സിംഗ് ഈസ് കിംഗ്. വിജേന്ദര്‍ ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയെയാണ് പരാജയപ്പെടുത്തിയത്.
ഇതോടെ, പ്രെഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറിയ ശേഷം പങ്കെടുത്ത എട്ടു മത്സരങ്ങളിലും വിജേന്ദര്‍ വിജയിച്ചു.
മത്സരത്തില്‍ തുടക്കം മുതല്‍ വിജേന്ദറിനായിരുന്നു മുന്‍തൂക്കം. ചെക്കായുടെ ചൂടന്‍ പഞ്ചുകളെ നിഷ്പ്രയാസം തടുത്ത വിജേന്ദര്‍ ഉശിരന്‍ പഞ്ചുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ചെക്കായ്ക്കു പത്തിമടക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
ആദ്യറൗണ്ടില്‍ തന്നെ വിജേന്ദര്‍ 3–1 നു മുന്നില്‍ എത്തി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മൂന്നാം റൗണ്ടില്‍ ടാന്‍സാനിയയുടെ ചെക്കയെ നോക്ക് ഔട്ടിലൂടെ പുറത്താക്കുമ്പോഴേക്കും പോയിന്റ് ഏഴില്‍ എത്തിയിരുന്നു.