കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിന് 30 കോടി രൂപ വാഗ്ദാനവുമായി സ്വപ്ന സുരേഷിനെ സമീപിച്ച വിജയ് പിള്ളയുടെ യഥാര്‍ഥ പേര് വിജേഷ് പിള്ളയെന്ന് വിവരം.
വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയുടെ അഭിഭാഷകന് പങ്കുവച്ച രേഖകളിലും വിജേഷ് പിള്ള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും വിജേഷ് പിള്ള എന്നുതന്നെയാണ്.
2017ല്‍ കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡബ്യൂജിഎന് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന പേരില്‍ തന്നെയാണ് ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമായിട്ടുള്ളത്.
കളമശേരിയില്‍ കമ്പനിയുടെ ഓഫീസ് 2017ല്‍ ആറു മാസത്തോളം പ്രവര്‍ത്തിച്ചിരുന്നതായി കെട്ടിട ഉടമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.
ആറു മാസത്തിന് ശേഷം വിജേഷ് അപ്രത്യക്ഷമായി. സ്ഥാപനവും പൂട്ടി. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഒരുലക്ഷം രൂപയോളം വാടകയിനത്തില്‍ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്നും കെട്ടിട ഉടമ പറയുന്നു.
അതിനിടെ ഇയാളെ തിരക്കി കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തിയിരുന്നതായും വാര്‍ത്തകള്‍ക്ക് പിന്നാലെ പോലീസ് ഇയാളെ തിരക്കി ഫോണ്‍ വിളിച്ചെന്നും ഉടമ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് പോയിന്റുമായി ബന്ധപ്പെട്ട ബിസിനസ് ആണെന്നാണ് കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നത്.
അന്ന് കൈമാറിയ വിജേഷിന്റെ വിലാസം കൈവശമുണ്ട്. വിജേഷിനെക്കൂടാതെ ഇയാളുടെ ഭാര്യയും ഇയാള്‍ നിയമിച്ച ഏതാനും ചില ജോലിക്കാരുമാണ് അന്ന് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതെന്നും കെട്ടിട ഉടമ പറഞ്ഞു.