മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റു റോഡിൽ കിടന്ന ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി വനിതാ ഓട്ടോ ഡ്രൈവർ മാതൃകയായി.
മട്ടന്നൂർ ഉളിയിൽ ടൗണിൽ ഓട്ടോയോടിക്കുന്ന ആവിലാട് സ്വദേശിനി എം.വിജിലയാണു മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
മക്കളെയും കൂട്ടി വിജില ഓട്ടോയുമായി ചാലോട് ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് രണ്ടുപേർ റോഡിൽ കിടക്കുന്നതായി കണ്ടത്.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂർ വിമാനത്താവളത്തിലേക്കു ബൈക്കിൽ പോകുന്നതിനിടെ ചാലോട് വച്ചു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ അതുവഴി പോകുകയായിരുന്ന നിരവധി വാഹനങ്ങൾക്കു കൈ നീട്ടിയെങ്കിലും ഒരാളും വാഹനം നിർത്തനോ ആശുപത്രിയിൽ കൊണ്ടുപോകാനോ തയാറായില്ല.
ഇതിനിടെയാണു വിജില ഓട്ടോയുമായെത്തിയത്. മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ വന്നതോടെ വിജില പരിക്കേറ്റ പഴയങ്ങാടി സ്വദേശികളായ രണ്ടുപേരെ ഓട്ടോയിൽ കയറ്റി കണ്ണൂർ എകെജി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി കാർ ഉൾപ്പെടെയുള്ള സ്ഥലത്ത് ഓട്ടോ നിർത്തി ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചിരുന്നുവെങ്കിലും ആരും തയാറായില്ല.
ഓരോ കാരണങ്ങൾ പറഞ്ഞു പിൻമാറുകയായിരുന്നു. ഏച്ചൂർ ടൗൺ വരെ പരിക്കേറ്റവരെ ടാക്സിയിലേക്കു മാറ്റാൻ ശ്രമം നടന്നിരുന്നുവെങ്കിലും നടന്നില്ല.
ഇതോടെ വിജില തന്റെ ഓട്ടോയുമായി ആശുപത്രിയിലേക്കു വിടുകയായിരുന്നു. പരിക്കേറ്റവരുടെ ബന്ധുക്കൾ വരുന്നതുവരെ ആശുപത്രിയിൽ നിന്ന് എല്ലാസഹായവും നൽകി.
അവസാനം ബന്ധുക്കൾ എത്തിയ ശേഷം രാത്രി എട്ടോടെയാണു വീട്ടിലേക്കു മടങ്ങിയത്. വാടക പോലും വാങ്ങാതെ കാരുണ്യ പ്രവർത്തനത്തിലേർപ്പെട്ട വിജില ശ്രദ്ധേയമായിരിക്കുകയാണ്.
അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നു വിജില പറഞ്ഞു. അഞ്ചു വർഷമായി ഉളിയിൽ ടൗണിൽ നിന്ന് സർവീസ് നടത്തുന്ന ഓട്ടോ പ്രധാനമായും സ്കൂൾ കുട്ടികളെയാണു സ്കൂളിലെത്തിക്കുന്നത്.