കായംകുളം: കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ വിജിലൻസ് പിടിയിലായ പത്തിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗവും കോണ്ഗ്രസ്സ് നേതാവുമായ കെ.രാജൻ ഗ്രാമ പഞ്ചായത്ത് മെന്പർ സ്ഥാനം രാജിവെയ്ക്കണമെന്ന് സി.പി. എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടിൽ നിന്നാണ് രാജൻ കൈക്കൂലി വാങ്ങിയത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താവിന് സ്ഥലം നൽകിയ സ്വന്തം വാർഡിൽപ്പെട്ടവിധവയായ വീട്ടമ്മ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയതെന്നതും ഇത് ഗൗരവമുള്ളതാണന്നും ഏരിയാ കമ്മിറ്റി പറഞ്ഞു .
സ്വന്തം വാർഡിലെ ജനങ്ങളോടു പോലും വിധേയത്വമില്ലാത്ത നീചമായ നടപടിയാണ് കോണ്ഗ്രസ്സ് നേതാവു കൂടിയായ ഗ്രാമ പഞ്ചായത്തംഗം സ്വീകരിച്ചത് . സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന രാജനെ പുറത്താക്കാനോ, നിലപാട് വ്യക്തമാക്കാനോ കോണ്ഗ്രസ്സ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും ഏരിയാ കമ്മിറ്റി ആരോപിച്ചു.
വ്യക്തമായ തെളിവുകളോടെയാണ് രാജനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലി പണം തനിയ്ക്കും മറ്റൊരാൾക്കു മാണെന്ന് രാജൻ പറഞ്ഞത്. അതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഈ സംഭവത്തിൽ കോണ്ഗ്രസ്സ് നേതൃത്യം നിലപാട് വ്യക്തമാക്കുകയും കൈക്കൂലി വാങ്ങിയ അംഗത്തെ പുറത്താക്കാനുള്ള ആർജ്ജവം കാട്ടണമെന്നും സി പി എം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ ആവശ്യപ്പെട്ടു.