തിരുവനന്തപുരം: അനിൽകാന്തിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വിജിലൻസ് മേധാവിയായിരുന്ന ബി.എസ്. മുഹമ്മദ് യാസിൻ ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് അനിൽകാന്തിന്റെ നിയമനം. ആറുമാസത്തേക്കാണ് അനിൽകാന്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. അദ്ദേഹം വെള്ളിയാഴ്ച ചുമതലയേൽക്കും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പോലീസ് തലപ്പത്തെ ഘടനയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇതോടെ ദക്ഷിണമേഖല എഡിജിപിയായിരുന്ന അനിൽകാന്തിനെ വിജിലൻസ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
നാലു റേഞ്ച് ഡിഐജിമാർ, രണ്ട് മേഖലാ ഐജിമാർ എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസം വിജിലൻസ് ഡയറക്ടറായിരുന്ന മുഹമ്മദ് യാസിൻ ഇന്ന് വിരമിക്കും. ആന്ധ്ര സ്വദേശിയായ യാസിൻ 33 വർഷത്തെ സർവീസിന് ശേഷമാണ് വിരമിക്കുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.