ചോദിച്ചിട്ട് ചെയ്താൽ മതി..! അഴിമതി ക്കേസുകൾ രജിസ്റ്റർ ചെയ്യാൻ അനുമതി വാങ്ങണമെന്ന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ സർക്കുലർ

behra-DGPതിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന് വിജിലൻസ് ഡയറക്ടറുടെ സർക്കുലർ. ഇത് സംബന്ധിച്ച ഉത്തരവ് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എല്ലാ യൂണിറ്റുകൾക്കും കൈമാറി.

മന്ത്രിമാർ, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ നടത്തണമെന്നും അല്ലാത്തപക്ഷം കോടതി വിധിയുടെ ലംഘനമാകുമെന്നും ബെഹ്റയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വൻകിട അഴിമതി ആരോപണങ്ങളിൽ കേസെടുക്കുന്നതിന് മുൻപും അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്ത് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളിൽ സർക്കാരിന് കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. അഴിമതി കേസുകൾ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കരുതെന്നും കോടതി വിജിലൻസിനെ ഓർമിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് വിജിലൻസ് രാജാണെന്ന ഹൈക്കോടതി പരാമർശത്തോടെ സർക്കാർ ജേക്കബ് തോമസിനെ കൈവിടുകയായിരുന്നു. മുൻമന്ത്രി ഇ.പി.ജയരാജൻ രാജിവച്ച ബന്ധുനിയമന കേസിലും വിജിലൻസിന് തിരിച്ചടിയുണ്ടായതോടെ ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് എത്തിയത്.

Related posts