എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനുള്ള വിജിലൻസ് നീക്കം ചോർത്തിയതിനെക്കുറിച്ച് വിജിലൻസ് ഉന്നതതല അന്വേഷണം ആരംഭിച്ചു.
ഇന്നു രാവിലെ അറസ്റ്റു ചെയ്യാനുള്ള നീക്കം രഹസ്യമായി വിജിലൻസ് നടത്തുകയായിരുന്നു. എന്നാൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തെ രഹസ്യമായി വിജിലൻസിനുള്ളിൽ നിന്നു തന്നെ ചോർത്തി നൽകിയെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് ഉന്നതതല അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇതു പോലുള്ള പല കേസുകളുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണ് ഈ നീക്കം. അന്വേഷണത്തേയും അറസ്റ്റുകൾ ഉൾപ്പടെയുള്ള നടപടികളേയും ഇത്തരത്തിൽ പ്രതികളായവർക്ക് ചോർത്തി നൽകുന്നത് വളരെ ഗൗരവതരമാണ്.
പാലാരിവട്ടം കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി എടുക്കാത്തതിൽ പൊതുസമൂഹത്തിൽ നിന്ന് സർക്കാർ വലിയ വിമർശനം ഏറ്റു കൊണ്ടിരുന്ന സമയത്താണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാൻ വിജിലൻസ് സംഘം തീരുമാനിച്ചത്. ഈ നിർണ്ണായക നീക്കമാണ് പൊളിഞ്ഞിരിക്കുന്നത്.
ഇതിനെ സർക്കാരും ഗൗരവമായാണ് കാണുന്നത്. പലവിധ കേസുകളുടേയും ആരോപണങ്ങളിലും നട്ടം തിരിഞ്ഞുനിൽക്കുന്ന സമയത്താണ് ഈ അറസ്റ്റ് വിവരം ചോർന്നിരിക്കുന്നത്.
ഈ വിവരം ചോർത്തിയവരെ കണ്ടെത്തി ശക്തമായ നടപടി ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ അറസ്റ്റു അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത് ഇനി ഈ കേസിൽ പിന്നോട്ടിലെന്ന വ്യക്തമായ സൂചനയാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നത്.