കറുകച്ചാൽ: കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓഫീസിൽനിന്ന് ഇറങ്ങി ഓടിയ ഉദ്യോഗസ്ഥനെതിരേ നടപടിക്കു സാധ്യത. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 4.30നു കറുകച്ചാൽ ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി ഓഫീസിലായിരുന്നു സംഭവം.
അന്നു കറുകച്ചാൽ കെഎസ്ആർടിസി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചങ്ങനാശേരി ഡിപ്പോയിലെ ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി ജേക്കബ് കെ. ജോർജിനെതിരെയാണ് നടപടി. വിജിലസ് സ്ക്വാഡ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബാഗും എടുത്ത് ഓടുകയായിരുന്നു.
ഇയാളെ താല്കാലികമായി ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും, വിശദമായ അന്വേഷണ റിപ്പോർട്ട് കിട്ടിയതിനുശേഷം കർശന നടപടി സ്വീകരിക്കുമെന്നും ചങ്ങനാശേരി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇൻസ്പെക്ടർ എൻ.ആർ. രവീന്ദ്രൻ പറഞ്ഞു. ഓഫീസിനുള്ളിൽ ജേക്കബ് ജോർജ് മദ്യപിച്ച് അബോധാവസ്ഥയിലിരുന്ന വിവരം യാത്രക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പാതി തീർന്ന മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. തുടർന്ന് ബ്രീത്ത് അനലൈസർ മെഷീനിലേക്കു ഉൗതുവാൻ ആവശ്യപ്പെട്ടപ്പോൾ ഓഫീസ് പൂട്ടാതെ ബാഗും എടുത്ത് ഇറങ്ങി ഓടുക ആയിരുന്നു. പീന്നിട് വിജിലൻസ് ഉദ്യോഗസ്ഥർ ഓഫീസ് പൂട്ടി താക്കോലുമായി പോവുകയായിരുന്നു.