സ്വന്തംലേഖകന്‍
കോഴിക്കോട്: അഴിമതിരഹിത ഭരണവുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാറിന്റെ കാലത്തും വിജിലന്‍സിനെ നയിക്കാന്‍ ആളില്ല. രണ്ടു റേഞ്ചുകളിലാണ് ആഭ്യന്തരവകുപ്പ് എസ്പിമാരെ നിയമിക്കാത്തത്. ജെയിംസ് ജോസഫിനെ കോഴിക്കോട് ഡിസിപിയായി സ്ഥലം മാറ്റിയതോടെയാണ് കിഴക്കന്മേഖയില് വിജിലന്‍സ് എസ്പി തസ്തിക ഒഴിഞ്ഞു കിടക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ജെയിംസ് ജോസഫ് സ്ഥാനമൊഴിഞ്ഞത്. അതേസമയം പുതിയ നിയമനം ഉടനുണ്ടാവുമെന്നാണറിയുന്നത്. എന്നാല്‍ ഉത്തരമേഖലയെ(കോഴിക്കോട് റേഞ്ച്) പൂര്‍ണമായും ആഭ്യന്തരവകുപ്പ് അവഗണിച്ചിരിക്കുകയാണ്. ഉത്തരമേഖല വിജലന്‍സ് എസ്പിയെ സ്ഥലം മാറ്റിയിട്ട് എട്ട് മാസമായിട്ടും തത്സ്ഥാനത്ത് പുതിയ എസ്പിയെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല.
ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനിടെയാണ് ഉത്തരമേഖലയിലെ വിജിലന്‍സ് എസ്പിയായിരുന്ന ഉമ ബഹ്റയെ സ്ഥലം മാറ്റികൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലേക്കാണ് സ്ഥലം മാറ്റം. എന്നാല്‍ ഉത്തരമേഖല വിജിലന്‍സ് എസ്പിയ്ക്കു പകരം മറ്റൊരാളെ ഇതുവരേയും നിയമിച്ചിട്ടില്ല. കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ ചുമതലയാണ് ഉത്തരമേഖലാ വിജിലന്‍സ് എസ്പിയ്ക്കുള്ളത്.
അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അതില്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദേശിക്കുന്നതും വസ്തുതകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും വിജിലന്‍സ് എസ്പിമാരുടെ ചുമതലയാണ്. കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എസ്പിമാരുടെ ശുപാര്‍ശ ഡയറക്ടര്‍ അംഗീകരിച്ചാല്‍ മാത്രമേ കേസെടുക്കാനാവൂ.
നിലവില്‍ ഉത്തരമേഖലയിലെ അഞ്ചു ജില്ലകളിലും പുതിയ പരാതികള്‍ ലഭിച്ചാല്‍ അതില്‍ അന്വേഷണം നടത്തുന്നതിലും ഡയറക്ടര്‍ മുമ്പാകെ ശുപാര്‍ശ ചെയ്യുന്നതിലും സാങ്കേതിക ബു്ദ്ധിമുട്ടുകളുണ്ട്. നിലവിൽ ഉത്തരമേഖലയുടെ ചുമതല വിജിലൻസ് സ്പെഷൽ സെൽ എസ്.പി എസ്. ശശിധരനാണ്. സ്പെഷല്‍ സെല്ലിന്റെ പ്രവര്‍ത്തനത്തിനിടെ റേഞ്ചിന്റെ ചുമതല കൂടി വഹിക്കുന്നത് അന്വേഷണത്തെയും തുടര്‍നടപടികളേയും ബാധിക്കുന്നുണ്ട്.
പുതിയ പരാതികള്‍ ലഭിച്ചാലും ഉടനടി നടപടി സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥിയിലാണ് വിജിലന്‍സ് യൂണിറ്റുള്ളത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ടു നിരവധി കേസുകളാണ് ഉത്തരമേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാലു റേഞ്ചുകളാണ് വിജിലന്‍സിനുള്ളത്. ഉത്തരമേഖലയായ കോഴിക്കോട് റേഞ്ച് ഒഴികെ തിരുവനന്തപുരം, എറണാകുളം റേഞ്ചുകളില്‍ എസ്പിമാരുണ്ട്.