കാട്ടാക്കട : കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കണക്കിൽപ്പെടാത്ത പണം പിടികൂടി.
പഴയ റിക്കാർഡുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്.
ആധാരമെഴുത്തുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ- 2 എസ്പി അജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഓൺലൈൻ വഴി അപേക്ഷ നൽകിയാലും കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയാറാകാറില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഫീസിൽ ഉണ്ടായിരുന്ന ആധാരമെഴുത്തുകാരൻ മോഹനൻ ചെട്ടിയാറുടെ പക്കൽ നിന്നു 24500 രൂപയും ഓഫീസിലെ പാർട്ട് ടൈം സീപ്പർ ആൽബർട്ടിൽ നിന്നു 28000 രൂപയും പിടിച്ചെടുത്തു.
ഓഫീസ് സ്റ്റാഫിൽ എന്തിന് പണം വന്നു എന്നതും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ എടിഎം കാർഡുകളും ബാങ്ക് വിവരങ്ങളും പരിശോധിക്കും.
ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.ഇന്നലെ ഉച്ച മുതൽ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.
കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിനെ സംബന്ധിച്ച് നിരവധി പരാതികളാണ് വന്നിരിക്കുന്നത്. ഇടനിലക്കാരാണ് ഓഫീസ് നിയന്ത്രിക്കുന്നതെന്നും പരക്കെ ആക്ഷേപമുയർന്നിരുന്നു.
പണം സൂക്ഷിച്ചിരുന്നത് റിക്കാർഡ്സ് റൂമിൽ
കൈക്കൂലിയായി വാങ്ങുന്ന പണം റിക്കാർഡുകൾ സൂക്ഷിക്കുന്ന മുറിയിലാണ് പണം സൂക്ഷിക്കുന്നതെന്ന വിവരം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയും ചെയ്തത്. ഓഫീസിലെ മിക്ക ജീവനക്കാരും ഇടനിലക്കാരായി നിൽക്കുന്നുണ്ടെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.