ആലപ്പുഴ: സംസ്ഥാനത്തെ നഗരസഭകളിലും ബ്ലോക്കുകളിലും പ്രവർത്തിക്കുന്ന എസ് സി/എസ്ടി ഡെവലപ്പ്മെന്റ് ഓഫീസുകൾ വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളിൽ അഴിമതി നടക്കുന്നതായി ലഭിച്ച പരാതിയെതുടർന്ന് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ രാവിലെ 11 മുതൽ ഓപ്പറേഷൻ റൈറ്റ്സ് എന്ന പേരിലായിരുന്നു പരിശോധന.
ജില്ലയിലെ തൈക്കാട്ടുശേരി ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ ഉപഭോക്താക്കൾക്ക് നൽകിയ ഭൂമിയെല്ലാം ഒരേ ഭൂഉടമയിൽ നിന്നാണെന്ന് കണ്ടത്തി. ഇതിനുപുറമേ ധനസഹായം ലഭിച്ച ഉപഭോക്താക്കളിൽ പലരും വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതായും കണ്ടെത്തി.
കഞ്ഞിക്കുഴി ബ്ലോക്കിൽ 2018-19 സാന്പത്തിക വർഷത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായ 17 പേർക്ക് സഹായം നൽകിയ രേഖകൾ പിടിച്ചെടുത്തു. അന്പലപ്പുഴ ബ്ലോക്കിൽ 2017-18 വർഷത്തിൽ ഗുണഭോക്താക്കളിൽ ചിലരുടെ രേഖകൾ പരിശോധിക്കാതെയും വില്ലേജോഫീസറുടെ കൃത്യമായ സാക്ഷ്യപത്രമില്ലാതെയും ധനസഹായം നൽകിയതായും കണ്ടെത്തി.