തിരുവനന്തപുരം: ആധാരമെഴുത്തുകാരിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്ദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്ഒന്നിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 6660 രൂപയും രണ്ട് കുപ്പി വിദേശ മദ്യവും കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം 4.50 ന് ആരംഭിച്ച പരിശോധന രാത്രി 11 മണി വരെ നീണ്ടു. പരിശോധനയിൽ റിക്കാർഡ് റൂമിൽ റിക്കാർഡുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന പണവും രണ്ട് കുപ്പി വിദേശമദ്യവുമാണ് വിജിലൻസ് പിടിച്ചെടുത്തത്.
ചട്ടങ്ങൾ ലംഘിച്ച് ഏജന്റുമാർ ഓഫീസിൽ കയറിയിറങ്ങുന്നതായും സർക്കാർ ഉത്തരവ് പ്രകാരം വിവിധ സേവനങ്ങൾക്കുള്ള ഫീസിന്റെ വിശദവിവരങ്ങൾ ഓഫീസിൽ പ്രദർശിപ്പിക്കാതെ ഏജന്റുമാർ മുഖേന കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന് വീതിച്ചെടുക്കുന്നതായും വിജിലൻസ് കണ്ടെത്തി.
മിന്നൽ പരിശോധനയിൽ പോലീസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സിയ ഉൾഹഖ്, സബ് ഇൻസ്പെ്കടർമാരായ ഗോപകുമാർ, പ്രേംകുമാർ, പോലീസ് ഉദ്യോഗസ്ഥരായ വിനയകുമാർ,ഷാജി, ജയൻ, ആശാമിലൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.