കായംകുളം: നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ പ്രവർത്തികളിലാണ് ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. എസ്റ്റിമേറ്റ് തയാറാക്കി അനുമതി ലഭിക്കുന്നതിന് മുന്പ് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കിയയതിനു ശേഷം പിന്നീട് ടെൻഡറുകൾ ചെയ്ത് ഫയൽ തയാറാക്കുന്ന രീതിയാണ് തുടർന്നു വന്നിരുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘
എസ്റ്റിമേറ്റുകൾ ഒന്നും തന്നെ ഒപ്പു വച്ചിട്ടില്ലെന്നും എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തികൾ നടന്നിട്ടില്ലെന്നും നിർമാണങ്ങൾക്ക് ഗുണനിലവാരം കുറവാണെന്നും വിജിലൻസ് കണ്ടെത്തി. വാർഡ് 18 ലെ വിത്തുതറ കലുങ്ക് നിർമാണം, വളഞ്ഞ നടക്കാവ് കരിമുട്ടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി, താലൂക്ക് ആശുപത്രിയുടെ ഓഫീസ് ബ്ലോക്കിലെ മുകളിൽ നടത്തിയ നിർമാണ പ്രവർത്തനം, ചേരാവള്ളി – കോമളത്ത് റോഡ്, കരിമുട്ടം- നഗരസഭാ റോഡ് എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി.
എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതോടെയാണ് വിജിലൻസ് ഇന്നലെ നഗരസഭയിൽ മിന്നൽ പരിശോധന നടത്തിയത്. കോണ്ട്രാക്ടർമാർ വർക്കുകൾ പൂർത്തിയാക്കിയതിന് ശേഷം ചെലവായ തുകയും കമ്മീഷനുകളും ഉൾപ്പടെയുള്ള തുക കണക്കാക്കി എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കുകയും വർക്ക് ചെയ്ത കോണ്ട്രാക്ടർക്ക് എസ്റ്റിമേറ്റ് തുകയേക്കാൾ കുറച്ച് ടെണ്ടർ നൽകുകയും വർക്കുകൾ ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്ക് മാത്രം നൽകിയിരുന്നതായും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ഡിവൈഎസ്പി റെക്സ് ബോബി അരവിന്റെ നേതൃത്വത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി ഷിബു, ചേർത്തല പൊതുമരാമത്ത് റോഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ രാജശ്രീ, വിജിലൻസ് ഇൻസ്പെക്ടർ കെ.വി.ബെന്നി, എസ്ഐമാരായ ആന്റണി, ഭുവനചന്ദ്രൻ, മനോജ്, കിഷോർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് സംഘം പറഞ്ഞു.