കൊല്ലം: ജില്ലയിലെ കുണ്ടറ,അഞ്ചല്‍,ചാത്തന്നൂര്‍ പോലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി കെ അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കുണ്ടറ പോലിസ് സ്റ്റേഷനില്‍ നിന്നും കണക്കില്‍പ്പെടാത്ത 18,782 രൂപ കണ്ടെത്തി.
കൂടാതെ സ്റ്റേഷനില്‍ ലഭിച്ച 260 പരാതികളില്‍ നടപടി സ്വീകരിച്ചില്ലെന്നും റെയഡില്‍ കണ്ടെത്തി.ഇവിടെ കേസില്‍ ഉള്‍പ്പെടാത്ത 166 ഓളം വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ചെക്കുകേസുകളില്‍ 16 ഓളം വാറണ്ടുകള്‍ നടപ്പാക്കിയിട്ടില്ല. എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് കയറുംമുമ്പ് അവരുടെ കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നതും പാലിക്കപ്പെട്ടിട്ടില്ലെന്നത് ഗുരുതര വീഴ്ചയായി പരിശോധക സംഘം വ്യക്തമാക്കി.
ചാത്തന്നൂരില്‍ സ്റ്റേഷനില്‍ പ്രതികളായി എത്തുന്നവരുടെയും സ്റ്റേഷനിലെ ആവശ്യങ്ങള്‍ക്കായും ഏല്പ്പിരുന്ന തുകയില്‍ സ്റ്റേഷന് രജിസ്റ്റര്‍ പ്രകാരം 3104 രൂപക്ക് പകരം നാലായിരം രൂപയായി കണ്ടെത്തി. അഞ്ചലില്‍ 604 പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയില്ല. നിരവധി ക്രമക്കേടുകളും കണ്ടെത്തി.
പരിശോധനയില്‍ പോലിസ് ഇന്‍സ്പെക്ടര്‍മാരായ രവികുമാര്‍,എം.എം ജോസ്,പ്രമോദ് കൃഷ്ണന്,എന്‍ രാജേഷ്,വി.പി സുധീഷ്,കുന്നത്തൂര്‍ തഹസീല്‍ദാര്‍ ആര് അനില്‍കുമാര്‍,കൊല്ലം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസ് അക്കൗണ്സ് ഓഫീസര്‍ ബിജു,നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ജയകുമാര്‍ എന്നിവരും പങ്കെടുത്തു.