കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഓടിയൊളിക്കുന്നത് അപൂർവ മാണ്. കോട്ടയം ആർടി ഓഫീസിൽ ഇന്നലെ അരങ്ങേറിയത് ഇതു വരെ കാണാത്ത സംഭവങ്ങൾ. വിജിലൻസ് റെയ്ഡിന് എത്തിയപ്പോൾ കണ്ടത് ഓഫീസ് വരാന്തയിൽ ഉൾപ്പെടെ പണം ചിതറി കിടക്കുന്നു. ചവറ്റുകൊട്ടയിലും ഫയലുകൾക്കുള്ളിലും നോട്ട് കെട്ടുകൾ. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ആർടി ഓഫീസിൽ ഒളിപ്പിച്ചു വച്ച നിലയിൽ വിജിലൻസ് ഉദ്യോഗസ്ഥർ 6780രൂപയും പിടികൂടി.
വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്കെത്തുന്പോൾ വരാന്തയിൽ ഏതാനും ഏജന്റുമാരുണ്ടായിരുന്നു. വ്യാപകമായി അഴിമതി നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ഫയലുകൾക്കിടയിലും ചവറ്റുകുട്ടയിലും ഒളിപ്പിച്ച നിലയിലാണ് 6780രൂപ കണ്ടെത്തിയത്. ലൈസൻസ് കൃത്യ സമയത്ത് നൽകുന്നില്ലെന്നും ആർസി ബുക്കുകൾ കൈകാര്യം ചെയ്യുന്നത് ഏജന്റുമാരാണെന്നും വിജിലൻസിനു വ്യക്തമായി. ഓഫീസ് വരാന്തയിലുണ്ടായിരുന്ന ഏജന്റുമാരുടെ കൈയിൽ നിന്നും വിജിലൻസ് സംഘം 90 ആർസി ബുക്കുകൾ പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം നാലോടെ വിജിലൻസ് എസ്പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആർടി ഓഫീസിൽ പരിശോധന നടത്തിയത്. വിജിലൻസ് സംഘത്തെ കണ്ടതോടെ എംവിഐ പി.ഇ. ഷാജി ഓഫീസിൽ നിന്നും ഇറങ്ങിയോടി. തുടർന്ന് ഓഫീസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിലിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായ 372 പേരുടെ ലൈസൻസുകൾ ഇതുവരെ അയച്ചു നൽകിയിട്ടില്ലെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് റിപ്പോർട്ട് നൽകിയ എട്ട് ലൈസൻസ് ഉടമകൾക്ക് നോട്ടീസ് അയച്ചിട്ടില്ല. ലൈസൻസ് റദ്ദ് ചെയ്യാൻ പോലീസ് റിപ്പോർട്ട് സമർപ്പിച്ച അഞ്ചു ലൈസൻസുകൾ മതിയായ കാരണമില്ലാതെ ഫയലിൽ സൂക്ഷിച്ചിരിക്കുന്നതായും, ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഇതുവരെയും അതാത് സ്റ്റേഷനുകളിലേയ്ക്ക് അയച്ചു നൽകിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
വിജിലൻസ് ഡിവൈഎസ്പി എൻ. രാജൻ, സിഐമാരായ എ.ജെ. തോമസ്, റിജോ പി.ജോസഫ്, വി.എ. നിഷാദ്മോൻ, രാജൻ കെ.അരമന, ജെർളിൻ വി. സ്കറിയ, വിജിലൻസ് ഉദ്യോഗസ്ഥരായ അജിത് ശങ്കർ, ജയചന്ദ്രൻ, തുളസീധര കുറുപ്പ്, ഷാജി, തോമസ്, ബിനു, സന്തോഷ്, വിൻസന്റ് എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.