ചേര്‍ത്തല: ദേശീയപാതയോരത്തു കക്കാവില്പന നടത്തിയതിന്റെ പേരില്‍ വീട്ടമ്മയുടെ ത്രാസ് പോലീസ് പിടിച്ചെടുത്തത്തതായി പരാതി. ദേശീയപാതയോരത്ത് ചേർത്തല കെവിഎം ആശുപത്രിക്കു സമീപം ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.
വൈക്കം ഉദയനാപുരം കണ്ണങ്കേരില്‍ വിജിമോളാണ് പെട്ടിവണ്ടിയില്‍ കക്കാവില്പനക്കെത്തിയത്. വില്പന തുടങ്ങിയപ്പോൾ തന്നെ മാരാരിക്കുളം പോലീസെത്തി ത്രാസ് എടുത്തുകൊണ്ടുപോയതായി വിജിമോള്‍ പറഞ്ഞു. രണ്ടുമക്കളെ വളര്‍ത്താനാണു സഹോദരന്റെ സഹായത്തോടെ കച്ചവടം തുടങ്ങിയത്.
ത്രാസു കൊണ്ടു പോയതിനാൽ വില്ക്കാന് സാധിച്ചില്ല. കക്ക സൂക്ഷിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കു നല്‍കിയെന്നും അവര്‍ പറഞ്ഞു.
ജില്ല കടന്നെത്തിയുള്ള വഴിയോര കച്ചവടം രോഗ വ്യാപന സാധ്യത കൂട്ടുമെന്നതിനാലാണ് നടപടി. ദേശീയപാത അധികൃതര്‍ ഇതു സംബന്ധിച്ചു നോട്ടീസ് നല്‍കിയിരുന്നതായും നിയമം ലംഘിച്ചുള്ള കച്ചവടം നടത്തരുതെന്ന മുന്നറിയിപ്പു തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് കച്ചവടം നിര്‍ത്താന്‍ ഇടപെട്ടതെന്നും മാരാരിക്കുളം എസ്ഐ മധു പറഞ്ഞു.