കണ്ണൂര്‍: കോവിഡ് മഹാമാരിക്കാലത്തെ ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രോഗ വ്യാപന സാധ്യത പൂര്‍ണമായും തടഞ്ഞുനിര്‍ത്താന്‍ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പ്രസ്താവനയിൽ അറിയിച്ചു.
നമ്മുടെയും സമൂഹത്തിന്റേയും ആരോഗ്യ സുരക്ഷക്കായിരിക്കണം പ്രഥമ മുന്‍ഗണന.
നേരിട്ടുള്ള സമ്പര്‍ക്ക സാധ്യതകള്‍ ഇല്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഓണ്‍ലൈന്‍ സംവിധാനങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഇവയൊന്നും പാടില്ല
ആൾക്കൂട്ടമുള്ള പരിപാടികൾ പാടില്ല, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു സമയം അഞ്ചു പേര് മാത്രം
വീട്ടിലേക്ക് കയറാൻ പാടില്ല, രണ്ടു മീറ്റർ അകലം പാലിച്ച് വോട്ട് ചോദിക്കാം
അണികൾ മാസ്ക് ധരിക്കുകയും പരസ്പരം രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും വേണം.
സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കണം.
മാസ്ക് താഴ്ത്തി വയ്ക്കരുത്, ഹസ്തദാനം ചെയ്യരുത്, ആലിംഗനം ചെയ്യരുത്, കുഞ്ഞുങ്ങളെ എടുക്കരുത്
കടലാസിലുള്ള നോട്ടീസുകളും സന്ദേശങ്ങളും പരമാവധി ഒഴിവാക്കി പകരം ഡിജിറ്റല്‍ പോസ്റ്ററുകളും സന്ദേശങ്ങളും ഉപയോഗപ്പെടുത്തുക.
വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതരരോഗം ബാധിച്ചവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി യാതൊരു കാരണവശാലും ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കോവിഡ് -19 രോഗലക്ഷണങ്ങളിലേതെങ്കിലും ഉള്ളവര്‍ പ്രചാരണത്തിന് ഇറങ്ങരുത്. സ്വീകരണ പരിപാടികളും മറ്റും തികഞ്ഞ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കണം.
ഹാരാര്‍പ്പണം , ബൊക്ക നല്കല്, നോട്ടുമാല അണിയിക്കല്‍, ഷാള്‍ അണിയിക്കല്‍ തുടങ്ങിയ രീതികള്‍ ഒഴിവാക്കുക.
കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
കോവിഡ് ബാധിതനായ സ്ഥാനാര്‍ഥി നേരിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.
പ്രചാരണം കഴിഞ്ഞെത്തുന്നവര്‍ കുളിച്ച് അണുവിമുക്തമാക്കിയതിന് ശേഷമേ മറ്റു കുടുംബാഗങ്ങളുമായി ഇടപഴകാൻ പാടുള്ളൂ.