മൂവാറ്റുപുഴ: മുദ്ര ലോണ്‍ അനുവദിപ്പിച്ചു നൽകാമെന്നു പറഞ്ഞ് യുവതിയിൽനിന്ന് പണം തട്ടിയെടുത്ത സിനിമാ-സീരിയൽ താരം പിടിയിൽ. തൃശൂർ കൈപ്പറന്പ് മുണ്ടൂർ സ്വദേശി വിജൊ പി. ജോണ്‍സ(33)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. സൗത്ത് മാറാടി സ്വദേശിനിയായ യുവതിയിൽനിന്ന് 10,50,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നിരവധി സീരിയലുകളിലും സിനിമയിലും സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു വന്നിരുന്ന ഇയാൾ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ലോണ്‍ വാങ്ങിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പകൽസമയങ്ങളിൽ ആഡംബര കാറുകളിൽ കറങ്ങി നടന്ന് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നതായും പോലീസ് പറയുന്നു.
കേസുകളും വാറന്റുമുള്ളതിനാൽ രാത്രി വൈകി എത്തി വീടിന്റെ ടെറസിൽ കിടക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ തേടിയെത്തിയാൽ രക്ഷപ്പെടുകയുമാണ് പതിവ്. പ്രതിയെ പിടികൂടാൻ പോലീസ് വീട് വളഞ്ഞപ്പോൾ വീടിന്റെ മുകളിൽനിന്നു സമീപത്തെ മതിൽവഴി ചാടി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നുവെന്നും ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സിഐ സി. ജയകുമാർ പറഞ്ഞു.